ന്യൂഡൽഹി: വിവാദങ്ങളുടെ ഷീഷ് മഹൽ ഇനി ഡൽഹിയുടെ ഔദ്യോഗിക സംസ്ഥാന ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവുമാകും. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവിൽ ലൈൻസിലെ ഔദ്യോഗിക വസതിയാണ് ഷീഷ് മഹൽ. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ചർച്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.
കെജ്‌രിവാളിന്റെ കാലത്ത് 33.66 കോടി രൂപ ചിലവഴിച്ച് നടത്തിയ ആഢംബര നവീകരണം വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2024 ഒക്ടോബറിൽ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്നും പുറത്തായതിന് പിന്നാലെ വസതി ഒഴിഞ്ഞതുമുതൽ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്.
പുതിയ പദ്ധതിപ്രകാരം, നിലവിലെ ബംഗ്ലാവും അതിനോട് ചേർന്നുള്ള സ്ഥലവും ഉൾപ്പെടുത്തി വിപുലമായ സമുച്ചയമാണ് ഒരുക്കുക. വിദേശ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് താമസസൗകര്യത്തോടൊപ്പം അത്യാധുനിക കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാളുകൾ, ഓഡിറ്റോറിയം, കലാ-സാംസ്കാരിക പരിപാടികൾക്കും ഔദ്യോഗിക ചടങ്ങുകൾക്കുമായി പ്രത്യേക വേദികൾ എന്നിവയും സമുച്ചയത്തിന്റെ ഭാഗമാകും. പാർക്കിങ്, വെയിറ്റിങ് ഹാൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തും.
മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി ഡൽഹിക്ക് സ്വന്തം സംസ്ഥാന ഗസ്റ്റ് ഹൗസ് ഇല്ലാത്തതിനാലാണ് ഈ തീരുമാനം. ദേശീയ-അന്തർദേശീയ പ്രതിനിധി സംഘങ്ങളെ സ്വീകരിക്കാൻ സർക്കാർ നിലവിൽ വിവിധ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള സർക്കാർ സ്വത്ത് പൊതുപ്രയോജനത്തിനായി വിനിയോഗിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ബംഗ്ലാവിന്റെ നവീകരണത്തിനായി ഏകദേശം 33.66 കോടി രൂപ ചെലവഴിച്ചെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ, അനാവശ്യ ആഡംബര ചെലവുകൾ, നടപടിക്രമ ലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിനെ തുടർന്ന് വിഷയം ഡൽഹി നിയമസഭയിലും ശക്തമായ രാഷ്‌ട്രീയ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് ബംഗ്ലാവിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. തുടർന്ന് മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പുനർവികസന നടപടികൾ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.