തിരുവനന്തപുരം: കാപ്പ ക്കേസിൽ കുടുക്കപ്പെട്ട് തടങ്കലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജൂലൈ 13 വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംഗ്ഷനിൽ അരുവിപ്പുറം കുളുമല സ്വദേശിയായ പ്രശാന്തിനെ മർദിച്ച കേസിലും, കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചെന്ന കേസിലുമാണ് സുഗതൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.
തിരുവനന്തപുരം കോർപറേഷന്റെ 101 അംഗ ഭരണസമിതിയിൽ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്.
സുഗതന്റെ ആറ് മാസത്തെ കാപ്പ തടങ്കൽ കാപ്പ ഉപദേശക സമിതി അടുത്തിടെ ശരിവെച്ചിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് തടങ്കൽ തുടരാൻ ഉത്തരവിറക്കുകയും ചെയ്തു.
ജൂൺ 10-നാണ് സുഗതനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്ത പക്ഷം ആറുമാസം തടങ്കലിൽ തുടരേണ്ട സാഹചര്യമാണുള്ളത്.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം റിമാൻഡിലാണ് സുഗതൻ. വധശ്രമം, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പൊലീസിനെ ആക്രമിക്കൽ, വീടുകയറി ആക്രമണം, വാഹനനശീകരണം, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ആയുധം ഉപയോഗിച്ച് മാരകമായി പരുക്കേൽപ്പിക്കൽ എന്നീ ആരോപണങ്ങളാണ് സുഗതനെ കാപ്പ ക്കേസിൽ കുടിക്കാനായി ചുമത്തിയത്.















