ഹൈദരാബാദ്: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പ്രതികാരത്തിന്റെ പേരിൽ നടത്തിയ പ്രതികാരത്തിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവം സംസ്ഥാനത്തെ നടുക്കി. കൂട്ടക്കൊല നടത്തിയ 28-കാരൻ രാജ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ കഴിഞ്ഞ മേയ് 16-നാണ് രാജ്‌കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പിന്നീട് വ്യക്തിഗത ബോണ്ടിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ, പരാതി നൽകിയ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രംഗറെഡ്ഡി ജില്ലയിലെ ഷാബാദ് മണ്ഡലിലെ ദൈവലഗുഡ ഗ്രാമത്തിലാണ് ക്രൂരസംഭവം അരങ്ങേറിയത്. കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടി, അമ്മ, മുത്തശ്ശി, കൂടാതെ പ്രതിയുടെ ഭാര്യ സരിത, മൂന്ന് വയസ്സുള്ള മകൾ, രണ്ട് വയസ്സുള്ള മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെയും സ്വന്തം കുഞ്ഞുങ്ങളെയും പോലും വെറുതെവിടാതിരുന്ന രാജ്‌കുമാറിന്റെ ക്രൂരത നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
ആറുപേരെ കൊലപ്പെടുത്തിയ ശേഷം രാജ്‌കുമാർ സ്വന്തം മാതാപിതാക്കളെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സൈബരാബാദ് പൊലീസ് കമ്മിഷണർ തരുണ്‍ ജോഷിയുടെയും ഡി.സി.പി യോഗേഷ് ഗൗതത്തിന്റെയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പോക്സോ കേസിലെ വൈരാഗ്യമാണ് കൂട്ടക്കൊലയ്‌ക്ക് പിന്നിലെ പ്രധാന കാരണം എന്ന നിഗമനത്തിലാണ്.















