മലപ്പുറം: ആയിരം രൂപയുടെ പാക്കറ്റുകളിലാക്കി എംഡിഎംഎ വിൽക്കാനുള്ള ഒരുക്കത്തിനിടെ രണ്ടംഗ ലഹരി സംഘം പോലീസിന്റെ വലയിൽ. മലപ്പുറം വണ്ടൂരിൽ രാത്രി രണ്ടുമണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദ് എന്നിവരാണ് അറസ്റ്റിലായത്. ലഹരിമരുന്ന് ചെറിയ പൊതികളിലാക്കി ചില്ലറ വിൽപനയ്‌ക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.
പ്രതികളിൽ നിന്ന് 2.55 ഗ്രാം എംഡിഎംഎ, വിൽപനയിൽ നിന്ന് ലഭിച്ചതെന്ന് കരുതുന്ന 8,000 രൂപ, ലഹരി തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളാക്കി എംഡിഎംഎ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതിയെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തിരുന്നതെന്നും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത പോലീസ്, ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.















