കൊച്ചി: ട്രെയിൻ മാർഗ്ഗം ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 110 കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. അങ്കമാലിക്ക് സമീപം കറുകുറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ലഹരിവേട്ട നടന്നത്. സംഭവത്തിൽ ഒഡിഷ സ്വദേശികളായ നാല് ഇതരസംസ്ഥാന തൊഴിലാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളുടെ ട്രാവൽ ബാഗുകൾ പരിശോധിച്ചപ്പോഴാണ് 110 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം എത്തിച്ച ലഹരിമരുന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായിരുന്നു നീക്കമെന്നാണ് പ്രാഥമിക നിഗമനം.
ബാലഭദ്ര ധരുവ, ലക്ഷ്മൺ പത്ര, തരാശ്വർ പത്ര, പ്രദീപ് ഗഡ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് ലഹരിക്കടത്തിന് പിന്നിലുള്ള സംഘത്തെക്കുറിച്ചും കേരളത്തിലെ വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായാണ് ഈ വൻ ലഹരിവേട്ട. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിലെ ഏറ്റവും വലിയ കഞ്ചാവ് പിടിച്ചെടുക്കലുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയെ പൂർണമായും തകർക്കുന്നതിനായി അന്വേഷണം കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.















