തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ വലിയ പ്രതിസന്ധിയിലേക്ക്. ഊബർ, ഓല, റാപ്പിഡോ, കേരള സവാരി എന്നീ പ്ലാറ്റ്ഫോമുകളിലെ ഡ്രൈവർമാർ ജൂലൈ 21 മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്കിനെതിരെയാണ് സമര പ്രഖ്യാപനം.
ഓരോ യാത്രയിൽ നിന്നുമുള്ള വരുമാനത്തിന്റെ വലിയൊരു വിഹിതം കമ്മീഷനായി കമ്പനികൾ ഈടാക്കുന്നതിനാൽ ഉപജീവനം തന്നെ പ്രതിസന്ധിയിലാണെന്നാണ് ഡ്രൈവർമാരുടെ ആരോപണം. 1000 രൂപയുടെ ട്രിപ്പ് പൂർത്തിയാക്കിയാൽ 500 രൂപ വരെ കമ്മീഷനായി കമ്പനി കൈവശം വയ്‌ക്കുന്ന സാഹചര്യമാണുള്ളത് എന്ന് ഡ്രൈവർമാർ പറയുന്നു.
ഇന്ധനവിലയും വാഹന പരിപാലനച്ചെലവും ഇൻഷുറൻസും വർധിച്ച സാഹചര്യത്തിൽ നിലവിലെ കമ്മീഷൻ സംവിധാനം അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ദിവസങ്ങളോളം വാഹനമോടിച്ചിട്ടും വാഹനത്തിന്റെ മെയിന്റനൻസ് ചെലവ് പോലും കണ്ടെത്താനാകാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു.
ഉയർന്ന കമ്മീഷൻ നിരക്ക് കുറയ്‌ക്കുക, ഡ്രൈവർമാർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 21 മുതൽ സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ വ്യാപകമായി തടസപ്പെടാൻ സാധ്യതയുണ്ട്.















