ന്യൂഡല്‍ഹി: 2026-ലെ 22-ാമത് കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക മസ്‌കോട്ടായ മയൂര്‍’നെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിനെ ആസ്പദമാക്കി രൂപകല്‍പ്പന ചെയ്ത മസ്‌കോട്ട്, ഇന്ത്യയുടെ ഊര്‍ജവും ആതിഥേയത്വവും ഐക്യത്തിന്റെ സന്ദേശവും പ്രതിനിധീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി വിദ്യാഭ്യാസ-കായിക മന്ത്രി ആശിഷ് സൂദ്, കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് വിവേക് കോഹ്ലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മസ്‌കോട്ട് പ്രകാശനം.
ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. മയിലിന്റെ തൂവലുകളില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പതാകകളുടെ നിറങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗഹൃദം, ഐക്യം, കായികമനോഭാവം എന്നിവയുടെ പ്രതീകമായാണ് ഈ രൂപകല്‍പ്പന. ‘ഇന്ത്യയുടെ ദേശീയപക്ഷിയായ മയൂര്‍ ഊര്‍ജത്തിന്റെയും ആവേശത്തിന്റെയും പ്രതീകമാണ്.
ഈ ടൂര്‍ണമെന്റിന് ഏറ്റവും അനുയോജ്യമായ മസ്‌കോട്ടാണ് ഇത്. ഈ ചാമ്പ്യന്‍ഷിപ്പിലൂടെ ഡല്‍ഹിക്ക് ആഗോള കായിക ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാനാകും,’ രേഖ ഗുപ്ത പറഞ്ഞു. കായിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും യുവ കായികതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. ഡല്‍ഹിയെ രാജ്യത്തെ പ്രധാന കായിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കായികമന്ത്രി ആശിഷ് സൂദ്, അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് ഡല്‍ഹിയുടെ കായികമേഖലയിലെ വളര്‍ച്ചയുടെ തെളിവാണെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും കായികതാരങ്ങള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി സര്‍ക്കാരും ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 35-ലധികം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നൈജീരിയ, കെനിയ, ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. ഓഗസ്റ്റ് 2-നാണ് ഫൈനല്‍ മത്സരങ്ങള്‍.















