കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൈറലായി പിന്നീട് കേരളത്തിലെത്തി വിവാഹിതയായ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് സംരക്ഷണം ഒരുക്കാൻ കോടതി നിർദേശം നൽകിയത്. വിഷയത്തിൽ പാലാരിവട്ടം പൊലീസിനെ കോടതി സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു.
വൈറൽ പെൺകുട്ടി നൽകിയ പുതിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ഇവർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും, അധികൃതർക്ക് ബന്ധപ്പെടാനാകാത്ത സാഹചര്യത്തിൽ ആ ഉത്തരവ് പിന്നീട് പിൻവലിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഇരുവരും കേരളത്തിലെത്തി. ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് വേട്ടയാടുകയാണെന്നും ആരോപിച്ച് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അടുത്തിടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയ മോണാലിസ, പാസ്‌പോർട്ടും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും പിതാവ് കൈവശപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടെന്നും പരാതി നൽകിയിരുന്നു. മധ്യപ്രദേശിലെ കോടതിയിൽ പ്രായം തെളിയിക്കാൻ പാസ്‌പോർട്ട് ആവശ്യമായതിനാലാണ് പുതിയ ഹർജി നൽകിയതെന്നും വ്യക്തമാക്കിയിരുന്നു.
കുംഭമേളയ്‌ക്കിടെ രുദ്രാക്ഷം വിൽക്കുന്നതിനിടെയാണ് ഇൻഡോർ സ്വദേശിനിയായ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പ്രായവുമായി ബന്ധപ്പെട്ട വിവാദവും മുഹമ്മദ് ഫർമാനുമായുള്ള വിവാഹവും ദേശീയതലത്തിൽ ചർച്ചയായിരുന്നു. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നുമാണ് പെൺകുട്ടിയുടെ നിലപാട്.















