തിരുവനന്തപുരം: നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി . കടയ്‌ക്കാവൂർ സ്വദേശിനി വിജി (38)ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കടയ്‌ക്കാവൂർ ചാവടിമുക്കിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ രണ്ട് കൈകൾക്കും ഗുരുതര വെട്ടേറ്റു. ഒരു കൈ ഏതാണ്ട് അറ്റുപോയ നിലയിലാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ വിജിയെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
യുവതിയുടെ രണ്ടാം ഭർത്താവാണ് ആക്രണമത്തിന് പിന്നാലെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ആക്രമണത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വിവരമുണ്ട്. വിവരം ലഭിച്ചതോടെ കടയ്‌ക്കാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.














