റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

Published by
ജനം വെബ്‌ഡെസ്ക്

നാഗര്‍കോവില്‍: ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും പൂര്‍ണമായും പേപ്പര്‍ രഹിതവുമാക്കാന്‍ ദക്ഷിണ റെയില്‍വേ വികസിപ്പിച്ച മൂന്ന് പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനത്തിലായി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ്ങാണ് ഇടിഎസ്ആര്‍, ആര്‍ബിഎംഎസ്, ഡിഒഎസ്ടി എന്നീ ഇന്‍ഹൗസ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത പേപ്പര്‍ അധിഷ്ഠിത ട്രെയിന്‍ സിഗ്‌നല്‍ രജിസ്റ്ററിന് പകരമായാണ് ഇടിഎസ്ആര്‍ നടപ്പാക്കുന്നത്.

ട്രെയിന്‍ നീക്കങ്ങളുടെ വിവരങ്ങള്‍ സ്വമേധയാ രേഖപ്പെടുത്തുന്നതിനാല്‍ മാനുഷിക പിഴവുകള്‍ കുറയ്‌ക്കാനും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കാനും ഈ സംവിധാനം സഹായിക്കും. റെയില്‍വേ ബ്ലോക്കുകളുടെ അപേക്ഷ, അനുമതി, ഉപയോഗം, സമയം നീട്ടല്‍, അവസാനിപ്പിക്കല്‍ തുടങ്ങി എല്ലാ നടപടികളും ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ ആര്‍ബിഎംഎസ് സഹായിക്കും. വിവിധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഡാഷ്‌ബോര്‍ഡുകളും സുരക്ഷിതമായ ഒടിപി അധിഷ്ഠിത ലോഗിന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രാക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വികസിപ്പിച്ച ഡിഒഎസ്ടി ആപ്ലിക്കേഷന്‍ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രെയിന്‍ സമീപിക്കുന്നതായി മുന്‍കൂട്ടി തിരിച്ചറിയും. ശബ്ദം, വൈബ്രേഷന്‍, ദൃശ്യ മുന്നറിയിപ്പ് എന്നിവയിലൂടെ ജീവനക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവുന്ന എസ്.ഒ.എസ്. സംവിധാനവും ഇതിലുണ്ട്.

റെയില്‍വേ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുരക്ഷിതവും സ്മാര്‍ട്ടുമായി മാറ്റുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം കുറയ്‌ക്കുകയും വേഗത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഈ മൂന്ന് ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, ട്രെയിന്‍ കണ്‍ട്രോളര്‍മാര്‍, എന്‍ജിനിയറിങ്, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ട്രാക്ക് പരിപാലന വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഈ പുതിയ സംവിധാനങ്ങള്‍ നേരിട്ട് പ്രയോജനപ്പെടും.

Share