‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ദേശവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നത് തടയാൻ കൂടിയാണ് തന്റെ രാജിയെന്ന് ധർമ്മേന്ദ്ര പ്രധാൻ. ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചത്.  പ്രധാനമന്ത്രിക്ക് കൈമാറിയ രണ്ട് പേജുള്ള രാജിക്കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ദേശീയ ഐക്യം സംരക്ഷിക്കുക, ഒരു വിദ്യാർത്ഥിയുടെയും ഭാവി നിയമക്കുരുക്കിൽപ്പെടാതിരിക്കുക, യുവാക്കൾക്ക് പഠനത്തിലും കരിയർ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്   രാജിക്കത്ത് കൈമാറിയതെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

രാജിക്കത്തിന്റെ പൂർണ്ണരൂപം

എന്റെ യുവ സുഹൃത്തുക്കളെ, നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെയും ലക്ഷ്യങ്ങള്‍ക്കായി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. ശക്തവും ഉള്‍ക്കൊള്ളുന്നതും ദൂരക്കാഴ്ചയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ രാഷ്‌ട്രത്തിന്റെ അടിത്തറയെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു.

രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാന്‍ ആഴത്തില്‍ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്‌ട്രീയവും സാമൂഹികവുമായ ജീവിതത്തിലെ ഒരു ധാര്‍മ്മിക പ്രതിബദ്ധതയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദൂരക്കാഴ്ചയുള്ള നേതൃത്വത്തില്‍ രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍, 2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ വെളിച്ചത്തുവന്നു. വിഷയം ഉടന്‍ തന്നെ ഗൗരവത്തോടെ പരിഗണിച്ച ഭാരത സര്‍ക്കാര്‍, അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷയ്‌ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വര്‍ഷം മുതല്‍ ഈ പരീക്ഷ സിബിടി (Computer-Based Test) രീതിയില്‍ നടത്താനും തീരുമാനിച്ചു. ഈ കാലയളവിലുടനീളം, 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമില്ലാതെ പരീക്ഷ നടത്തുക എന്നതായിരുന്നു നമ്മുടെ പ്രധാന മുന്‍ഗണന. ‘മുഴുവന്‍ സര്‍ക്കാരും ഒന്നിച്ചുനില്‍ക്കുന്ന’ സമീപനം സ്വീകരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്; കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും – പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളും – നിര്‍ണായക പങ്കുവഹിച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂണ്‍ 21-ന് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കി.

ആദ്യ ദിവസം മുതല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത ഞാന്‍ സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടിയില്ല. ‘പരീക്ഷാ മാഫിയ’ കാരണം കഴിവുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും ഭാവി തകരില്ലെന്നും ഒരു വിദ്യാര്‍ത്ഥിക്കും അനീതി നേരിടേണ്ടി വരില്ലെന്നും ഞാന്‍ ഉറപ്പിച്ചിരുന്നു. ജൂലൈ 16-ന് പ്രസിദ്ധീകരിച്ച നീറ്റ്-യുജി ഫലം തൃപ്തികരമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടുകളില്‍ നിന്നുള്ള അനേകം മിടുക്കരായ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു. എന്നിരുന്നാലും, ഈ സമയത്തും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനും ശ്രമിച്ചത് എന്നെ വളരെയധികം സങ്കടപ്പെടുത്തി.

നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയില്‍ എനിക്ക് എപ്പോഴും അചഞ്ചലമായ വിശ്വാസമുണ്ട്, യുവാക്കളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. അവര്‍ ഇന്ത്യയുടെ ഭാവി മാത്രമല്ല; നവീകൃതവും വികസിതവുമായ ഇന്ത്യയുടെ വഴികാട്ടികളും നിര്‍മ്മാതാക്കളും ശില്പികളുമാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിലെ സംഭവങ്ങള്‍ എന്നെ ഏറെ വേദനിപ്പിച്ചു. ഇത് എനിക്ക് വ്യക്തിപരമായ അന്തസ്സിന്റെ പ്രശ്‌നമല്ല. ഇന്ത്യയുടെ യുവശക്തിയാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്. രാജ്യത്തെ യുവാക്കളെ ആശയക്കുഴപ്പത്തിന്റെ വലയില്‍ കുടുങ്ങാന്‍ അനുവദിക്കില്ലെന്നത് എന്റെ നിശ്ചയദാര്‍ഢ്യമാണ്.

ജന്തര്‍ മന്ദറിലെയും രാജ്യത്തുടനീളത്തിലെയും സാഹചര്യം കണക്കിലെടുത്ത് – ദേശ വിരുദ്ധ ശക്തികള്‍ ഇത് മുതലെടുക്കുന്നത് തടയുക, ദേശീയ ഐക്യം നിലനിര്‍ത്തുക, ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീര്‍ണ്ണതകളില്‍ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക, നമ്മുടെ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കരിയര്‍ കെട്ടിപ്പടുക്കാനും സമയം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ – ഞാന്‍ എന്റെ രാജി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്‌ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും, ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന; ഈ ലക്ഷ്യത്തിനായി ഞാന്‍ എപ്പോഴും സമര്‍പ്പിതനായിരിക്കും. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താല്‍, ഭാരതാംബയുടെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനായി വരുംദിനങ്ങളിലും സാധ്യമായ എല്ലാ രീതിയിലും ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നത് തുടരും.

വിശ്വസ്തതയോടെ,

ധര്‍മ്മേന്ദ്ര പ്രധാന്‍

Share