ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും താൽപര്യങ്ങൾക്കാണ് ബിജെപി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അമിത് ഷായുടെ പ്രതികരണം.
ബിജെപി ഏത് പദവിയേക്കാളും രാജ്യം, യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവയ്‌ക്കാണ് പ്രധാന്യം നൽകുന്നത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ആ തത്വം ഉയർത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ വികാരങ്ങളെ നരേന്ദ്ര മോദി സർക്കാർ മാനിക്കുന്നുവെന്നും പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാനുള്ള സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി കൈക്കൊണ്ട നടപടികൾക്ക് പൂർണ്ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കിയ ധർമ്മേന്ദ്ര പ്രധാനെ അദ്ദേഹം അഭിനന്ദിച്ചു. മാതൃഭാഷകളിൽ പരീക്ഷകൾ വ്യാപിപ്പിക്കൽ, പിഎം ശ്രീ സ്കൂളുകളുടെ വികസനം, ഡിജിറ്റൽ വിദ്യാഭ്യാസവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കൽ, വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം നടത്തിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി.
കൂടാതെ, പരീക്ഷാ സംവിധാനത്തെ കൂടുതൽ വിദ്യാർത്ഥികേന്ദ്രീകൃതവുമാക്കാൻ ധർമേന്ദ്ര പ്രധാൻ നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും, വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ഈ കാലയളവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.