സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിൽ സർക്കാർ പദ്ധതിയെന്ന വ്യാജേന മൂന്ന് വൃദ്ധ സ്ത്രീകളെ കബളിപ്പിച്ച് തല മൊട്ടയടിപ്പിച്ച സംഭവം. ആറ്റൂർ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ് വ്യാജ പ്രചാരണത്തിലൂടെ സ്ത്രീകളെ വലയിലാക്കിയത്.
ജൂലൈ 26ന് രാത്രി ആറ്റൂരിന് സമീപം പുതുകോത്തം പടിയിലെ ഒരു സ്ത്രീക്ക് ലഭിച്ച ഫോൺ കോളിലൂടെയാണ് തട്ടിപ്പ് ആരംഭിച്ചത്. സർക്കാർ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടയാൾ, കോവിഡ് പോലെയുള്ള പുതിയൊരു രോഗം മനുഷ്യരുടെ മുടിയിലൂടെ പടരുന്നുണ്ടെന്നും പ്രതിരോധ നടപടിയായി തല മൊട്ടയടിക്കണമെന്നും പറഞ്ഞു.
മുടി മുറിക്കുന്ന സ്ത്രീകൾക്ക് സർക്കാർ 15,000 രൂപയും, കോളേജ് വിദ്യാർത്ഥിനികൾക്ക് 45,000 രൂപയും, പുരുഷന്മാർക്ക് 6,000 രൂപയും നൽകുമെന്നായിരുന്നു വ്യാജ വാഗ്ദാനം. പരിമിതമായ എണ്ണം ടോക്കണുകൾ മാത്രമാണ് ലഭ്യമെന്നും പിന്നീട് ആറ്റൂർ താലൂക്ക് ഓഫീസിൽ നിന്ന് പണം കൈപ്പറ്റാമെന്നും ഇയാൾ വിശ്വസിപ്പിച്ചു.
തട്ടിപ്പിന് വിശ്വാസ്യത നൽകാൻ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളും അയച്ചു. ഇതിൽ വിശ്വസിച്ച സ്ത്രീ തല മൊട്ടയടിക്കുകയും അയൽവാസികളായ മറ്റുള്ളവരെയും ഇതിന് പ്രേരിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് മൂന്ന് വൃദ്ധ സ്ത്രീകൾ തട്ടിപ്പിന് ഇരയായത്.
വാഗ്ദാനം ചെയ്ത പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്ത്രീകൾ ആറ്റൂർ താലൂക്ക് ഓഫീസിലെത്തിയപ്പോഴാണ് ഇത്തരമൊരു സർക്കാർ പദ്ധതി നിലവിലില്ലെന്ന് അറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















