കൊച്ചി: എറണാകുളം സൗത്തിലെ ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത് എംഡിഎംഎ ഡോർ ഡെലിവറി ശൃംഖല നടത്തിയിരുന്ന യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇരുവരിൽ നിന്നുമായി ആകെ 94.03 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എറണാകുളം സൗത്തിലെ ക്യൂ ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇരുവരുടെയും ലഹരി കച്ചവടം. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎ വാങ്ങിയ ശേഷം, ഉപഭോക്താക്കളുടെ ഓർഡർ അനുസരിച്ച് ആവശ്യപ്പെട്ട സ്ഥലത്ത് എത്തിച്ചുനൽകുന്ന ഡോർ ഡെലിവറി സംവിധാനത്തിലൂടെയാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.
അടുത്തിടെ മുഹമ്മദ് ഷാഫി ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയ്‌ക്കിടെ 65.27 ഗ്രാം എംഡിഎംഎ ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചെടുത്തു. അന്ന് ഹോട്ടൽ മുറിയിൽ മുഹമ്മദ് ഷാഫി മാത്രമാണ് ഉണ്ടായിരുന്നത്. സഹപ്രതിയായ സരിത ആലപ്പുഴയിൽ ലഭിച്ച ഓർഡർ പ്രകാരം ലഹരി കൈമാറാൻ പോയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. രാത്രി തിരിച്ചെത്തിയ സരിതയെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ വീട്ടിലും എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.
അന്വേഷണത്തിൽ, ഒരു ഗ്രാം എംഡിഎംഎ 4,000 നിരക്കിലാണ് പ്രതികൾ വിറ്റിരുന്നതെന്ന് കണ്ടെത്തി. ലഹരി വിൽപ്പനയിലൂടെ ലഭിച്ച 17,770, ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്ന ശൃംഖലയെക്കുറിച്ചും പ്രതികൾക്ക് ലഹരി വിതരണം നടത്തിയ ഉറവിടങ്ങളെക്കുറിച്ചും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് ഈ ശൃംഖലയുമായി ബന്ധമുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്.















