കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്.
പുലർച്ചെ കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ചുമട്ടുതൊഴിലാളിയായ ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം അനുവദിക്കുമെന്ന് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) അറിയിച്ചു. ഇതിൽ 5 ലക്ഷം അടിയന്തര ധനസഹായമായി ഉടൻ നൽകും. ശേഷിക്കുന്ന തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യും. കൂടാതെ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് 4 ലക്ഷം ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഷീറിന്റെ കുടുംബത്തിലെ ഒരാൾക്ക് വനവകുപ്പിൽ ജോലി നൽകണമെന്ന ആവശ്യം സർക്കാരിന്റെ ഉന്നതതലത്തിൽ ചർച്ച ചെയ്യുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.















