കൊല്‍ക്കത്ത: ബിര്‍ഭൂമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൂട്ടാളിയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 28 കോടിയിലേറെ രൂപയും 15 കിലോയിലധികം സ്വര്‍ണവും കണ്ടെത്തി. അനുബ്രത മൊന്‍ഡാലിന്റെ അടുത്ത അനുയായിയുടെ ബന്ധുവീട്ടിൽ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ..
മുന്‍ ബസ് ഡ്രൈവറും നിലവില്‍ കല്ല് വ്യവസായിയുമായ മിനാര്‍ മൊന്‍ഡാലിന്റെ വീട്ടിലാണ് വന്‍തോതില്‍ പണവും സ്വര്‍ണവും കണ്ടെത്തിയത്. അനുബ്രത മൊന്‍ഡാലിന്റെ അടുത്ത അനുയായി തുളു മൊന്‍ഡാലിന്റെ ബന്ധുവാണ് മിനാര്‍. ഏകദേശം 21 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ ബിസ്കറ്റുകളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയതിന് പിന്നാലെ മിനാര്‍ മൊന്‍ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വര്‍ണവും പണവും തന്റേതല്ലെന്നും തുളു മൊന്‍ഡാലിന്റേതാണെന്നും, ഇവ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മിനാറിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ച റെയ്ഡില്‍ ആദ്യം കണ്ടെത്തിയത് അഞ്ചരക്കോടിയോളം രൂപയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം 28 കോടി രൂപയ്‌ക്ക് മുകളിലെത്തി. പണം എണ്ണുന്നതിനിടെ അഞ്ച് കറന്‍സി എണ്ണല്‍ മെഷീനുകള്‍ കേടായതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹമാണ് പരിശോധനയില്‍ പങ്കെടുത്തത്.
അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. “മണ്ണ് മാഫിയയുടെ വേരറുക്കുന്ന നീക്കമാണ് നിയമപാലകര്‍ നടത്തിയത്” എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ബംഗാള്‍ ഗതാഗത വകുപ്പിലെ മുന്‍ ജീവനക്കാരനായിരുന്ന മിനാര്‍ നിലവില്‍ കല്ല് വ്യവസായ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2024ല്‍ തുളു മൊന്‍ഡാല്‍ ഏകദേശം 100 കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയിരുന്നു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ആഡംബരത്തിന് പിന്നിലും അനധികൃത സമ്പത്തിന്റെ പങ്കുണ്ടോയെന്നും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.















