ഇടുക്കി: ജില്ലയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി 10 മണി മുതല്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും ജലനിരപ്പ് അപകടനിലയ്‌ക്ക് മുകളിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നിലവില്‍ ഡാമിലെ ജലനിരപ്പ് 252.10 മീറ്ററാണ്. റെഡ് അലര്‍ട്ട് പരിധിയായ 252 മീറ്റര്‍ പിന്നിട്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി പ്ലാനിങ് മാനേജര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 253 മീറ്ററാണ്.
ആവശ്യാനുസരണം ഷട്ടറുകള്‍ ഉയര്‍ത്തി പരമാവധി 500 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനിടെ, ജില്ലയില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അടിയന്തര സാഹചര്യം നേരിടുന്നതിനായി പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.















