ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഒരുക്കുന്ന രാമായണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാമായണ മത്സരത്തിൽ വിദ്യാധിരാജ വിദ്യാപീഠം സൈനിക് ആൻഡ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിനാണു രണ്ടാം സ്ഥാനം. രാമായണ പ്രതിഭയായി അരവിന്ദ് സുദീപ് (മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ്), രാമായണ തിലകമായി സുമയ്യ നൗഷാദ് (സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഫോർ ഗേൾസ്, ആലപ്പുഴ) എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ഉപഹാരം 17നു വൈകിട്ട് 5നു ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
രാമായണ മത്സരത്തിൽ രാമായണ തിലകമായി തിരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഫോർ ഗേൾസിലെ പ്ലസ്ടു വിദ്യാർഥിനി സുമയ്യ നൗഷാദ് ആണ്. വിവിധ ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത രാമായണ മത്സരത്തിലാണ് സുമയ്യ നൗഷാദ് തിലകപ്പട്ടം നേടിയത്. രാമായണം അടിസ്ഥാനമാക്കി നടത്തിയ ചിത്രരചന ജലച്ചായം ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, ഉപന്യാസ രചനയ്ക്ക് മൂന്നാം സ്ഥാനം എന്നിവ നേടി. രാമായണ പ്രശ്നോത്തരിയിലും സുമയ്യ മികച്ച പ്രകടനം നടത്തി. ആലപ്പുഴ സഖറിയ വാർഡ് പുളിമൂട്ടിൽ ജെ.നൗഷാദ്, പി.എം.ഹാസിബ എന്നിവരുടെ മകളാണ്.
രാമായണ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ അരവിന്ദ് സുദീപ് തുടർച്ചയായ അഞ്ചാം തവണയാണു പ്രതിഭ പുരസ്കാരം നേടുന്നത്. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. പെൻസിൽ ഡ്രോയിങ് ഒന്നാം സ്ഥാനം, ചിത്രരചന ജലച്ചായം, പ്രസംഗം എന്നിവയിൽ രണ്ടാം സ്ഥാനം നേടി. കൈത വടക്ക് ശങ്കരത്തിൽ സുധീപ് എസ്.പിള്ള, സി.ശ്രീകല എന്നിവരുടെ മകനാണ്.















