ന്യൂഡൽഹി: ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ തനിക്ക് കഴിയില്ലെന്നും സുരക്ഷയെ മാത്രം മുൻനിർത്തി ജീവിക്കാൻ താൻ തയ്യാറല്ലെന്നും ഹസീന പറഞ്ഞു. ന്യൂഡൽഹിയിൽ ദക്ഷിണേന്ത്യയിലെ വിദേശ പ്രതിനിധികളുടെ ക്ലബ് സംഘടിപ്പിച്ച വെർച്വൽ മാധ്യമസംവാദത്തിലായിരുന്നു പ്രതികരണം.
ജീവിതത്തിൽ ഇതുവരെ 19 തവണ കൊലശ്രമങ്ങൾ നേരിട്ടിട്ടുണ്ടെന്നും, അതൊന്നും തന്നെ ജനങ്ങളിലേക്ക് മടങ്ങുന്നതിൽ നിന്ന് തടയില്ലെന്നും ഹസീന വ്യക്തമാക്കി. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളെ കുറിച്ചും അവർ വിശദമായി പ്രതികരിച്ചു.
2024 ജൂലൈയിലെ പ്രതിഷേധങ്ങൾ തുടക്കത്തിൽ വിദ്യാർത്ഥി മുന്നേറ്റമായിരുന്നുവെങ്കിലും പിന്നീട് അത് കൃത്യമായി ആസൂത്രണം ചെയ്ത അക്രമപരമായ നീക്കമായി മാറിയെന്നാണ് ഹസീനയുടെ ആരോപണം. ജൂലൈ 15ന് ശേഷം സമരത്തിന്റെ സ്വഭാവം മാറിയെന്നും പെട്രോൾ ബോംബ് ആക്രമണങ്ങളും കൊള്ളകളും വ്യാപകമായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്നും, എന്നാൽ രാജ്യത്ത് ഭരണഘടനയ്‌ക്കെതിരായ സംഘടിത ആക്രമണമാണ് നടന്നതെന്നും ഹസീന ആരോപിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായും പതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും അവർ അവകാശപ്പെട്ടു.
ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്നും വ്യവസായ മേഖല തകർച്ച നേരിടുകയാണെന്നും ഹസീന പറഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചിരിക്കുകയാണെന്നും സർക്കാർ വൻതോതിൽ കടം എടുക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ സാഹചര്യം ഒരു ആഭ്യന്തര വിഷയമല്ലെന്നും ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.