ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഇടിയുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിസിസിഐ. ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കുകളും പേശിവലിവും അനുഭവപ്പെട്ടതും ഫീല്‍ഡിങ്ങിലെയും റണ്ണിംഗിലെയും പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നതുമാണ് ബോര്‍ഡിനെ കടുത്ത നടപടികളിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ടീം ഫിസിയോ കമലേഷ് ജെയിനിനോട് ബിസിസിഐയും ടീം മാനേജ്മെന്റും വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടൊപ്പം ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ താരങ്ങളുടെ ഫിറ്റ്‌നസ് വിലയിരുത്തല്‍ രീതിയും സമഗ്രമായി മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചു. ഇനി ഓരോ താരത്തിനും വ്യത്യസ്ത മാനദണ്ഡങ്ങളല്ല, എല്ലാവര്‍ക്കും ഒരേ ഫിറ്റ്‌നസ് പരീക്ഷകളായിരിക്കും ബാധകം. സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായി അഡ്രിയാന്‍ ലെറൂക്‌സ് ചുമതലയേറ്റതോടെ ‘ബ്രോങ്കോ ടെസ്റ്റ്’ ടീമിന്റെ പ്രധാന ഫിറ്റ്‌നസ് മാനദണ്ഡമായി മാറി. പുതിയ ചട്ടപ്രകാരം നിശ്ചിത ഡ്രില്ലുകള്‍ 5.15 മുതല്‍ 5.20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം.
കൂടാതെ രണ്ട് കിലോമീറ്റര്‍ ഓട്ടം 9 മുതല്‍ 10 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കേണ്ടതും നിര്‍ബന്ധമാക്കി. മുന്‍കാലങ്ങളില്‍ ചില മുതിര്‍ന്ന താരങ്ങള്‍ക്ക് ഫിറ്റ്‌നസ് പരിശോധനയില്‍ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ഇനി അത്തരം പരിഗണനകളൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ സീനിയോറിറ്റിയോ സ്ഥാനമോ നോക്കാതെ ഫിറ്റ്‌നസ് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫിസിയോ കമലേഷ് ജെയിന് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫീല്‍ഡിങ്ങിലെ വേഗക്കുറവും ബാറ്റിങ്ങിനിടെ റണ്‍സിനായി ഓടുന്നതിലെ മന്ദഗതിയും ബിസിസിഐ ഗൗരവമായാണ് വിലയിരുത്തുന്നത്. താരങ്ങളുടെ ശരീരഭാരത്തിലും ഇനി കര്‍ശന നിയന്ത്രണം തുടരും. ഉദാഹരണമായി, ഹര്‍ഷിത് റാണ ദേശീയ ടീമിലെത്തിയപ്പോള്‍ 97 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും നിലവില്‍ അത് 94 കിലോയായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ ഭാരം 96 കിലോഗ്രാമില്‍ കൂടുതലാകരുതെന്ന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിട്ടുണ്ട്.
സമീപകാലത്ത് ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റത് ടീമിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. താരങ്ങളുടെ ആവര്‍ത്തിച്ചുള്ള പരിക്കുകളില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും അസംതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.















