ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലെ ജനപ്രിയ ‘Get Ready With Me’ (GRWM) ട്രെൻഡ് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് കൈത്തറി വസ്ത്രങ്ങൾ ധരിച്ച് റീലുകളും വീഡിയോകളും പങ്കുവെക്കാൻ പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തത്.
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും നെയ്ത്തുകാരെയും ചെറുകിട ഉൽപ്പാദകരെയും പിന്തുണയ്ക്കാനുമാണ് ഈ പ്രചാരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കൈത്തറി വസ്ത്രങ്ങൾ വീഡിയോയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.
ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, 1905-ലെ സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രപ്രാധാന്യവും ചൂണ്ടിക്കാട്ടി. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ കൈത്തറി ദിനവും ആഘോഷിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Tomorrow, 7th August is National Handloom Day. Let’s make India’s handloom diversity popular.
Share your videos with your favourite handloom products, including GRWM videos on social media.
Don’t forget to use #NationalHandloomDay. pic.twitter.com/zoFdTXphRL
— Narendra Modi (@narendramodi) August 6, 2026
സാധാരണ നെയ്ത്തുകാരുടെ അധ്വാനത്തെ ആദരിക്കുന്നതിനൊപ്പം ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പായും കൈത്തറി ഉൽപ്പന്നങ്ങളുടെ ഉപയോഗം മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രങ്ങൾ ധരിച്ച് GRWM വീഡിയോകൾ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനും അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
യുവാക്കൾക്കിടയിലും ഇൻഫ്ലുവൻസർമാർക്കിടയിലും ഏറെ ജനപ്രീതിയുള്ള ‘Get Ready With Me’ വീഡിയോ ഫോർമാറ്റ് ഉപയോഗിച്ചാണ് പ്രധാനമന്ത്രി കൈത്തറി പ്രചാരണത്തിന് പുതിയ രൂപം നൽകിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ ശ്രദ്ധ നേടുകയും ആയിരക്കണക്കിന് ലൈക്കുകളും പ്രതികരണങ്ങളും ലഭിക്കുകയും ചെയ്തു.
അതേസമയം, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന ദേശീയ കൈത്തറി ദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ചടങ്ങിൽ മികച്ച നെയ്ത്തുകാർക്കുള്ള സന്ത് കബീർ പുരസ്കാരവും ദേശീയ കൈത്തറി പുരസ്കാരങ്ങളും വിതരണം ചെയ്യും.















