കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കല്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ പടിക്കല്‍ 121 പന്തില്‍ 103 റണ്‍സെടുത്താണ് മികവ് തെളിയിച്ചത്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ 40-ാം ഓവറിലെ നാലാം പന്തില്‍ രമേഷ് മെന്‍ഡിസിനെതിരെ ബൗണ്ടറി നേടിയാണ് പടിക്കല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുള്ള താരത്തിന് ഈ പ്രകടനം ഏറെ നിര്‍ണായകമാണ്. ഓഗസ്റ്റ് 15ന് ഗാള്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്നാം നമ്പറില്‍ ആര് കളിക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്ക് മുന്നില്‍ നിലവില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്.
ബി. സായ് സുദര്‍ശന്റെ ഫിറ്റ്‌നസ് സംബന്ധിച്ച അനിശ്ചിതത്വമാണ് ഇതിന് പ്രധാന കാരണം. സായ് സുദര്‍ശന്‍ ഇതുവരെ ശ്രീലങ്കയിലെത്തിയിട്ടില്ല. ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുകയോ താരത്തെ കളിപ്പിക്കേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയോ ചെയ്താല്‍ പടിക്കലിന് മൂന്നാം നമ്പറില്‍ അവസരം ലഭിക്കാന്‍ സാധ്യതയേറും. 2024 നവംബറില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റിലാണ് പടിക്കല്‍ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. അന്ന് മൂന്നാം നമ്പറിലാണ് താരം ബാറ്റ് ചെയ്തത്.
26കാരനായ പടിക്കല്‍ ഇതുവരെ ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളാണ് കളിച്ചത്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 90 റണ്‍സാണ് സമ്പാദ്യം. 2024ല്‍ ഇംഗ്ലണ്ടിനെതിരായ ധര്‍മശാല ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 65 റണ്‍സ് നേടിയ താരം പിന്നീട് ഓസ്ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ 0, 25 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് കര്‍ണാടക താരത്തിനുള്ളത്.
56 മത്സരങ്ങളില്‍ 93 ഇന്നിങ്സുകളില്‍ നിന്ന് 3,800 റണ്‍സ് നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 2026 ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇന്ത്യ എ ടീമിനൊപ്പവും പടിക്കല്‍ ശ്രീലങ്കയിലെത്തിയിരുന്നു. ശ്രീലങ്ക എയ്‌ക്കെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളില്‍ മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികളും താരം നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിലെ സെഞ്ചുറിയോടെ പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ ഇടം നേടാനുള്ള പടിക്കലിന്റെ അവകാശവാദം കൂടുതല്‍ ശക്തമായിരിക്കുകയാണ്.