കൊല്ലം: കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം. നാവികസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതിനായി കൊല്ലം അമൃതപുരി എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിര്‍മ്മിച്ച് മഠം നാവികസേനയ്‌ക്ക് കൈമാറി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്ന് മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി ഹെലിപാഡ് ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ശനിയാഴ്ച രാത്രി നിര്‍ദേശം ലഭിച്ചതിന് പിന്നാലെ അമൃതാനന്ദമയി മഠത്തിലെയും അമൃത സര്‍വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. രാത്രി മുഴുവന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാണ് ഹെലിപാഡ് ഒരുക്കിയത്. ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ പ്രാദേശിക കരാറുകാരില്‍ നിന്ന് അടിയന്തരമായി ശേഖരിച്ചു. ഇന്റര്‍ലോക്കുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങളും രാത്രി മുഴുവന്‍ സര്‍വീസ് നടത്തി.
നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഹെലിപാഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാവികസേനയ്‌ക്ക് കൈമാറുകയായിരുന്നു. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെയുള്ള വിവിധ സേനകളും ഏജന്‍സികളും തിരച്ചില്‍ തുടരുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗം നല്‍കാന്‍ ഹെലിപാഡ് ഒരുക്കിയത്.
പുതിയ ഹെലിപാഡ് സൗകര്യം ഉപയോഗപ്പെടുത്തി നാവികസേനയ്‌ക്കും കോസ്റ്റ് ഗാര്‍ഡിനും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.















