ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറന്‍ മേഖലയിലും അയല്‍രാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയത്താണ് ഭൂചലനമുണ്ടായത്. ബൊഗോട്ടയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മറാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.
പ്രകമ്പനം കൊളംബിയയിലും ഇക്വഡോറിലും മാത്രമല്ല, പനാമയിലും അനുഭവപ്പെട്ടു. ബൊഗോട്ടയിലും ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലും കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. മുന്‍കരുതലിന്റെ ഭാഗമായി ബൊഗോട്ടയിലെ ചില വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ശക്തമായ ഭൂചലനമായിരുന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊളംബിയന്‍ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.















