ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. രാജസ്ഥാന്‍, ഹരിയാന, അസം, ബിഹാര്‍, കര്‍ണാടക, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ അടിസ്ഥാനമാക്കി അന്വേഷണം ഏറ്റെടുത്ത ഇഡി, പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, പണമൊഴുക്ക്, കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. പേപ്പര്‍ ചോര്‍ച്ച ഏത് സംസ്ഥാനത്തുണ്ടായാലും സാമ്പത്തിക ഇടപാടുകളുടെ അന്വേഷണം കേന്ദ്ര ഏജന്‍സി നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച കേസിലും ഇഡി ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും. മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് എന്‍ടിഎ റദ്ദാക്കിയിരുന്നു. സംഭവത്തില്‍ സിബിഐ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ജെപിഎസ്സി) പരീക്ഷകളിലെ ക്രമക്കേടുകളിലും ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാഞ്ചിയില്‍ സിഐഡി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പണമൊഴുക്കുമാണ് ഇഡി പരിശോധിക്കുന്നത്. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിവരങ്ങള്‍ പരിശോധിച്ച് ക്രമക്കേടിലൂടെ നേട്ടമുണ്ടാക്കിയവരെ കണ്ടെത്താനും അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.















