തൃശ്ശൂർ: നഗരമധ്യത്തിൽ വഴിയാത്രക്കാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എം.ഒ റോഡ് ജംഗ്ഷനിലെ സബ്‌വേയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ ചികിത്സയ്‌ക്കിടെ മരിച്ചു.
രാവിലെ പത്തരയോടെയാണ് സംഭവം. തെക്കേനടയിലെ അടിപ്പാതയിൽവെച്ച് ശരത്തും വഴിയാത്രക്കാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ശരത്ത് വഴിയാത്രക്കാരനെ തലയിൽ അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ നില ഗുരുതരമായതിനാൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശരത്തിനെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ ശരത്ത് ക്രിമിനൽ കേസുകളിൽ നേരത്തെ തന്നെ പ്രതിയായിട്ടുള്ളയാളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വധശ്രമക്കേസുകളിലും ഇയാൾ പ്രതിയാണ്. കൂടാതെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്ന ശരത്ത് അപരിചിതരായ ആളുകളെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.
നഗരത്തിലെ തിരക്കേറിയ ഭാഗത്തുള്ള സബ്‌വേയിൽ നടന്ന ആക്രമണം പ്രദേശത്ത് ആശങ്കയും ഞെട്ടലുമുണ്ടാക്കിയിട്ടുണ്ട്. വഴിയാത്രക്കാരനുമായി ഉണ്ടായ വാക്കുതർക്കം പെട്ടെന്ന് അക്രമത്തിലേക്ക് മാറുകയും, ഒടുവിൽ ഒരാളുടെ മരണത്തിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ കൃത്യമായ സാഹചര്യം, തർക്കത്തിലേക്ക് നയിച്ച കാരണങ്ങൾ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.