കൊച്ചി: കശ്മീരിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയും ഭീകരവാദത്തിനെതിരായ പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ‘ഓപ്പറേഷൻ ത്രാൾ’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റൊരു മേഖലയിൽ എത്തി സംവിധായകന്റെ കുപ്പായമണിയുന്നത് മലയാള സിനിമയിൽ അപൂർവമായ കാഴ്ചയാണ്. ‘തൃശൂർ പൂരം’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതിലൂടെയാണ് രതീഷ് വേഗ സിനിമയുടെ എഴുത്തുമേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചത്. ഇപ്പോൾ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പിനായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നതാകട്ടെ, സമകാലിക ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ദേശീയ സുരക്ഷാ പശ്ചാത്തലമാണ്.
ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും ഭീകരവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലും, രാജ്യത്തെ നടുക്കിയ ഭീകര കോൺവോയ് ആക്രമണത്തിന് പിന്നാലെ നടക്കുന്ന രഹസ്യാന്വേഷണ നീക്കങ്ങളുമാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന പശ്ചാത്തലം. ഈ സംഭവങ്ങളിലൂടെ മുന്നേറുന്ന കഥയിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളും അന്വേഷണത്തിന്റെ വിവിധ തലങ്ങളും പ്രമേയമാകുന്നുണ്ട്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഉദ്യോഗസ്ഥൻ ഹർഷവർധനായി ജയസൂര്യ എത്തുന്നു. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രങ്ങളിലൊന്നാണ് ‘ഓപ്പറേഷൻ ത്രാൾ’ എന്നാണ് ജയസൂര്യ വ്യക്തമാക്കുന്നത്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ചിത്രത്തിൽ ഹൈ-ഓക്ടെയ്ൻ ആക്ഷൻ രംഗങ്ങളും വലിയ ക്യാൻവാസിലുള്ള ദൃശ്യാവിഷ്‌കാരവുമുണ്ടാകും. ചിത്രത്തിന്റെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്ന പ്രതീക്ഷയും ജയസൂര്യ പങ്കുവച്ചു.
വലിയ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കശ്മീർ, കുളു–മണാലി എന്നിവിടങ്ങളിലായി ഏകദേശം 100 ദിവസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്.
ജയസൂര്യയ്‌ക്കൊപ്പം സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ റിതിക സിംഗ്, വിനയ് റായ്, അമൈറ ദസ്തർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാളത്തിലെയും ഇതര ഭാഷകളിലെയും നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംവിധായകൻ രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്. നജോസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷഫീഖ് വി.ബിയും പ്രൊഡക്ഷൻ ഡിസൈൻ നോബിൾ ജേക്കബും നിർവഹിക്കുന്നു. സജീഷ് താമരശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. കലാസംവിധാനം സുനീഷ് സോദരൻ. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷും സരിത ജയസൂര്യയും നിർവഹിക്കുന്നു.
ഉല്ലാസ് കൃഷ്ണയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സുനിമോൾ ജോബി കോ-പ്രൊഡ്യൂസറും നോബിൾ ജേക്കബ് പ്രോജക്ട് ഡിസൈനറുമാണ്. സൗണ്ട് മിക്സിംഗ് എം.ആർ. രാജകൃഷ്ണൻ. സ്റ്റിൽസ് ജാൻ ജോസഫ് ജോർജ്. റെസൊണൻസ് ഓഡിയോസിന്റെ വിക്കിയാണ് സൗണ്ട് ഡിസൈൻ ഒരുക്കുന്നത്. പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ നിർവഹിക്കുന്നു. ഇക്ബാൽ പാനായിക്കുളമാണ് പ്രൊഡക്ഷൻ കൺട്രോളർ.
വാഴൂർ ജോസും ആതിര ദിൽജിത്തുമാണ് പബ്ലിക് റിലേഷൻസ് നിർവഹിക്കുന്നത്. മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
ദേശീയ സുരക്ഷയും ഭീകരവാദത്തിനെതിരായ പോരാട്ടവും വലിയ ദൃശ്യപരിസരത്തിൽ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ‘ഓപ്പറേഷൻ ത്രാൾ’ പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. രതീഷ് വേഗയുടെ സംവിധാന അരങ്ങേറ്റം, ജയസൂര്യയുടെ NIA ഉദ്യോഗസ്ഥനായുള്ള വേഷപ്പകർച്ച, കശ്മീരിന്റെ പശ്ചാത്തലം എന്നിവയെല്ലാം ചേർന്ന് ചിത്രത്തെ ഏറെ പ്രതീക്ഷയുള്ള പാൻ ഇന്ത്യൻ സിനിമകളിലൊന്നാക്കി മാറ്റുകയാണ്.















