ന്യൂഡൽഹി: ഇന്ത്യയുടെ സഹിഷ്ണുതയും സമാധാന സമീപനവും ദൗർബല്യമായി ആരും കാണേണ്ടതില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആവശ്യമായാൽ വലിയ വെല്ലുവിളികൾ ഏറ്റെടുക്കാനും പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ ശക്തമായി തിരിച്ചടിക്കാനും ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസ്‌കവറിയുടെ പുതിയ ഡോക്യുമെന്ററി സീരീസായ ‘ഡീക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന അഭിമുഖത്തിലാണ് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇത്ര വിശദമായി വിഷയത്തിൽ പ്രതികരിക്കുന്നത്.
പഹൽഗാം ആക്രമണത്തിന് മറുപടി
പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന്റെ ലക്ഷ്യം കൃത്യമായി നിർണയിച്ചിരുന്നുവെന്ന് ഡോവൽ പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരസംഘങ്ങളുടെ ക്യാമ്പുകളും ഭീകര അടിസ്ഥാന സൗകര്യങ്ങളും തകർക്കുകയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് വ്യക്തമായി ബോധ്യപ്പെടുത്തുക എന്നതും ഓപ്പറേഷൻ സിന്ദൂറിലൂടെ ലക്ഷ്യമിട്ടിരുന്നുവെന്ന് ഡോവൽ പറഞ്ഞു.
‘ഓപ്പറേഷൻ സിന്ദൂർ’ — നിർണായക തീരുമാനങ്ങളുടെ പിന്നാമ്പുറം
ഇന്ത്യയുടെ സൈനിക, ദേശീയ സുരക്ഷാ നേതൃത്വത്തിലെ പ്രമുഖരുടെ നേരിട്ടുള്ള അനുഭവങ്ങളും വിലയിരുത്തലുകളും ഉൾപ്പെടുത്തിയാണ് ഡിസ്‌കവറി ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച തീരുമാനങ്ങളും സുരക്ഷാ സംവിധാനത്തിന്റെ കണക്കുകൂട്ടലുകളും ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്. ഓപ്പറേഷന്റെ പിന്നിലെ തന്ത്രപരമായ തീരുമാനങ്ങളെയും ഇന്ത്യ സ്വീകരിച്ച നിലപാടിനെയും കുറിച്ച് അജിത് ഡോവൽ വിശദീകരിക്കുന്നുണ്ട്.















