കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ നടത്തിയ രൂക്ഷ വിമർശനങ്ങൾക്കിടെ കുടുംബത്തിലും ഭിന്നാഭിപ്രായം. അനൂപ് ചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ജനശ്രദ്ധ നേടുന്നതിനായാണ് അനൂപ് എൻഎസ്എസിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ബന്ധു ആരോപിച്ചു.
അനൂപിന്റെ വിമർശനങ്ങളെ പിന്തുണയ്‌ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബന്ധു, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനെ തുടർന്ന് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും പറഞ്ഞു. ജനറൽ സെക്രട്ടറിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, അനൂപ് ചന്ദ്രന്റെ സഹോദരന്റെ ഭാര്യ രാജശ്രീയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അനൂപ് ചന്ദ്രനായിരിക്കുമെന്നാണ് രാജശ്രീയുടെ ആരോപണം. എൻഎസ്എസ് സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെ സ്ഥലംമാറ്റിയത് അനൂപ് നടത്തിയ വിമർശനങ്ങളുടെ പേരിലാണെന്നും അവർ പറഞ്ഞു.
എൻഎസ്എസ് എൽപി സ്കൂൾ പാണാവള്ളിയിൽ നിന്ന് അടൂരിലേക്കാണ് രാജശ്രീയെ സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് ലഭിച്ചത്. എന്നാൽ എൻഎസ്എസ് തന്നെ ചതിക്കില്ലെന്നും സ്ഥലംമാറ്റ പ്രശ്നത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജശ്രീ പറഞ്ഞു.
ഇതിനിടെ, കഴിഞ്ഞ ദിവസം മന്നം ക്ലബ്ബിൽ നടത്താനിരുന്ന ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പ്രസ് ക്ലബ്ബിൽ നടന്നപ്പോഴാണ് അനൂപ് ചന്ദ്രൻ സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. എൻഎസ്എസ് കോളജുകൾ ഓരോന്നായി അടച്ചുപൂട്ടുകയാണെന്നും സ്ഥാപനങ്ങളുടെ സ്വത്തുക്കൾ വിറ്റഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പിന്നാലെ സഹോദരന്റെ ഭാര്യയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അനൂപ് ചന്ദ്രൻ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി. താൻ നടത്തിയ വിമർശനത്തിനുള്ള പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്നും അദ്ദേഹം ആരോപിച്ചു. വിമർശിച്ചതിന്റെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്ന സുകുമാരൻ നായരുടെ ‘മാടമ്പിത്തരം’ ഇനി എത്രകാലം തുടരുമെന്ന് എൻഎസ്എസ് സമുദായം തീരുമാനിക്കണമെന്നും അനൂപ് ചന്ദ്രൻ തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.
ഇതോടെയാണ് അനൂപിന്റെ ആരോപണങ്ങളെ തള്ളി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്. സംഭവത്തിൽ എൻഎസ്എസിന്റെ ഔദ്യോഗിക പ്രതികരണം കൂടി പുറത്തുവരാനിരിക്കുകയാണ്.














