കാസർകോട്: കാസർകോട് മീപ്പുഗിരിയിൽ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17കാരിയായ മകൾ എന്നിവരാണ് മരിച്ചത്.
ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11.10ഓടെയാണ് വീടിനകത്തെ കിടപ്പുമുറിയിൽ അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ ഒരേ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവമറിഞ്ഞതിനെ തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച വിവരങ്ങൾ നിലവിൽ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കും തുടർ നടപടികൾക്കുമായി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.















