തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിന് ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണ അനുമതി നിഷേധിച്ച് വനംവകുപ്പ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗങ്ങൾ പെരിയാർ കടുവ സങ്കേതത്തിന് (പെരിയാർ ടൈഗർ റിസർവ്) കീഴിൽ വരുന്നതിനാലാണ് സന്നിധാനത്ത് ഷൂട്ടിംഗ് നടത്താൻ അനുമതി നൽകാതിരുന്നത്. ഈ വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതിയും തയ്യാറായിട്ടില്ല.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ സന്നിധാനത്ത് ചിത്രീകരിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ സിനിമാ സംഘത്തിന് അനുമതി നൽകിയിരുന്നു. ശബരിമലയെയോ മതവിശ്വാസങ്ങളെയോ ഒരു തരത്തിലും മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന കർശന നിർദേശങ്ങളോടെയായിരുന്നു ദേവസ്വം ബോർഡിന്റെ അനുമതി. എന്നാൽ പെരിയാർ കടുവ സങ്കേതത്തിലെ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പ് ഈ തീരുമാനം തടയുകയായിരുന്നു.

അതേസമയം, പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷൻ ഭാഗത്ത് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നാളെ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ‘ലൗലജൻ’ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ്, വിഷ്ണു ജി. വാര്യർ, പ്രമോദ് വെളിയനാട് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ 80 ശതമാനത്തോളം ഷൂട്ടിംഗും ഇതിനകം പൂർത്തിയായിട്ടുണ്ട്. ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

Share