കൊച്ചി: കായികതാരങ്ങളുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യാന്തര തലത്തിൽ മികവ് തെളിയിച്ച യോഗ്യതയുള്ള ഫുട്ബോൾ താരങ്ങളെ നിയമിക്കുന്നതിന് പകരം യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിനെതിരെയാണ് കോടതിയുടെ പരാമർശങ്ങൾ.
‘100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്ത ഒരാളെ നിയമിച്ചാൽ എങ്ങനെയാണ് കായികതാരമാകുന്നത്? ഷോട്ട്പുട്ട് 100 മീറ്റർ ദൂരത്തേക്ക് എറിയാൻ കഴിയുന്നവരെയാണ് നിയമിക്കേണ്ടത്’ എന്നായിരുന്നു കോടതിയുടെ പരാമർശം.
ഐ.എം. വിജയൻ, യു. ഷറഫലി, കെ.ടി. ചാക്കോ തുടങ്ങിയ പ്രഗത്ഭ കായിക താരങ്ങളെ ചട്ടപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) തസ്തികയിൽ നിയമിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇവർ ജോലി ചെയ്ത് ശമ്പളം വാങ്ങിയവരാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നിലവിലെ ചില നിയമനങ്ങളിൽ ‘ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങാൻ നോക്കുന്നവർ’ ഉണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും കോടതി വിമർശിച്ചു.
കായികതാരങ്ങളെ നേരിട്ട് ഉയർന്ന പൊലീസ് തസ്തികകളിൽ നിയമിക്കുന്നത് സംബന്ധിച്ചും കോടതി കടുത്ത പരാമർശം നടത്തി. സിഐ തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവർ പിന്നീട് ഉയർന്ന തസ്തികകളിലേക്ക് എത്തുമ്പോൾ, വർഷങ്ങളായി പ്രമോഷൻ കാത്തിരിക്കുന്ന എസ്‌ഐമാരുടെ അവസരങ്ങളെ ഇത് ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ചട്ടങ്ങൾ മറികടന്ന് നിയമനം നൽകുന്നതിൽ അഴിമതിക്ക് സാധ്യതയുണ്ടെന്നും ആവശ്യമില്ലാത്ത ആളുകളെ നിയമിക്കുന്നതും അഴിമതിക്ക് വഴിവെക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കായികതാരങ്ങളുടെ പൊലീസ് നിയമനത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിയമനം സംബന്ധിച്ച ചട്ടങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.