നെടുമങ്ങാട്: ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലും വിശ്വസിച്ച് മുന്നേറുന്നതാണ് രാജ്യത്തെ യുവശക്തിയുടെ ഏറ്റവും വലിയ കരുത്തെന്ന് നാവികസേനാ മുൻ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍. നെടുമങ്ങാട്ട് ആർഎസ്എസ് സംഘടിപ്പിച്ച ‘ഉണര്‍വ് 2026’ യുവസംഗമത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ആഴത്തിൽ അറിവുണ്ടാക്കുക, അതില്‍ അഭിമാനം കൊള്ളുക, രാജ്യത്തിന്റെ പൈതൃകത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദീര്‍ഘകാലം ഭാരതം ഭരിച്ച ബ്രിട്ടീഷുകാരും അതിനുശേഷമുള്ള രാഷ്‌ട്രീയ നേതൃത്വങ്ങളും നാടിന്റെ യഥാര്‍ത്ഥവും മഹത്തായതുമായ ചരിത്രം വരുംതലമുറയുടെ മുൻപിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് യുവസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശൻ അഭിപ്രായപ്പെട്ടു. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും ഈ അവബോധവും കാഴ്‌ചപ്പാടും കുട്ടികളിലേക്ക് ചെറുപ്പത്തിലേ പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എസ്.എസ്. വിഷ്ണു സ്വാഗതവും ആർഎസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്‍. രാജേഷ് നന്ദിയും രേഖപ്പെടുത്തി.















