ലിസ്ബണ്‍: ആരാധകര്‍ ഏറെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോജോര്‍ജിന റോഡ്രിഗസ് വിവാഹത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. പ്രമുഖ ഫാഷന്‍ മാഗസിനായ ‘വോഗ്’ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആഡംബരപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് പകരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
പോര്‍ച്ചുഗലിലെ കാസ്‌കെയ്‌സിലുള്ള റൊണാള്‍ഡോയുടെ വീട്ടിലെ സ്വീകരണമുറിയായിരുന്നു വിവാഹവേദി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും പരസ്പരം വിവാഹമോതിരങ്ങള്‍ അണിയിച്ച് ഒന്നായി. 2025 ഓഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വന്‍ താരനിര പങ്കെടുക്കുന്ന ആഘോഷച്ചടങ്ങിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കി ലളിതമായ ചടങ്ങായിരുന്നു താരദമ്പതികള്‍ തിരഞ്ഞെടുത്തത്.
View this post on Instagram
തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ ഓഗസ്റ്റ് 11 എന്ന തീയതിയിലാണ് മക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹച്ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യം തങ്ങളുടെ അഞ്ച് മക്കളായിരുന്നുവെന്ന് ജോര്‍ജിന ‘വോഗ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2016ല്‍ ഒരു ഗുച്ചി സ്റ്റോറില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്ന ജോര്‍ജിനയെ റൊണാള്‍ഡോ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. 2017ലെ ഫിഫ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് ബന്ധം പരസ്യമായത്.
View this post on Instagram
ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇരട്ടക്കുട്ടികളായ ഇവ മരിയയും മാറ്റിയോയും, ഇരുവര്‍ക്കും ജനിച്ച അലാനയും ബെല്ലയും ഉള്‍പ്പെടുന്നതാണ് റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും കുടുംബം. വിവാഹത്തിന് പിന്നാലെ റൊണാള്‍ഡോ മോതിരമണിഞ്ഞ കൈകള്‍ കോര്‍ത്തുപിടിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.















