ന്യൂഡല്‍ഹി: ഐഎസ്‌ഐ പിന്തുണയുള്ളതായി ആരോപിക്കപ്പെടുന്ന ഭീകര ശൃംഖലയായ ‘ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ’ രാജ്യവ്യാപകമായി ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 14 സംസ്ഥാനങ്ങളിലായി നടത്തിയ ഒരേസമയം നടത്തിയ ഓപ്പറേഷനുകളില്‍ 253 പേരെ കസ്റ്റഡിയിലെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
നെറ്റ്വര്‍ക്കിനെതിരെ ഇതുവരെ 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 200-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സീറോ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഐഎസ്‌ഐ പിന്തുണയുള്ളതായി ആരോപിക്കപ്പെടുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്ക് തകര്‍ക്കുകയും 200-ലധികം പേരെ അറസ്റ്റ് ചെയ്ത് ആക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തുകയും ചെയ്തതായി അമിത് ഷാ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. 14 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് ശൃംഖലയുമായി ബന്ധമുള്ളവരെ പിടികൂടിയത്.
ഐഇഡികള്‍, പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ അടയാളമുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, ലൈവ് വെടിയുണ്ടകള്‍, ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി കരുതുന്ന സിസിടിവി ക്യാമറകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായും അമിത് ഷാ അറിയിച്ചു. സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലനുസരിച്ച് പാകിസ്ഥാനില്‍നിന്ന് പ്രവര്‍ത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന സംഘമാണ് ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്ക്.
ഇന്ത്യയില്‍ ഗ്രനേഡ്, ഐഇഡി, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായും പൊലീസ്, പ്രതിരോധ, സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രാദേശിക വ്യക്തികള്‍ക്ക് പണം നല്‍കിയിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയിലെടുത്തവരില്‍ ഉത്തര്‍പ്രദേശില്‍നിന്ന് 62 പേരും ഹരിയാനയില്‍നിന്ന് 52 പേരും ഡല്‍ഹിയില്‍നിന്ന് 51 പേരും പഞ്ചാബില്‍നിന്ന് 44 പേരുമുണ്ട്.
രാജസ്ഥാനില്‍നിന്ന് 15, മഹാരാഷ്‌ട്രയില്‍നിന്ന് 8, ഉത്തരാഖണ്ഡില്‍നിന്ന് 5 പേര്‍ എന്നിവരെയും പിടികൂടി. കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് മൂന്ന് പേര്‍ വീതവും തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍നിന്ന് രണ്ട് പേര്‍ വീതവും കസ്റ്റഡിയിലായതായി ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.















