തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ (പി.എസ്.സി) നടന്നതായി ആരോപിക്കപ്പെടുന്ന പരീക്ഷാക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നുവെന്ന വാര്‍ത്ത സ്വാഗതാര്‍ഹവും ശ്ലാഖനീയവുമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതികള്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയിലുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളുണ്ടെന്നും അഴിമതി, സ്വജനപക്ഷപാതം, അമിതമായ രാഷ്‌ട്രീയവല്‍ക്കരണം തുടങ്ങിയ ആരോപണങ്ങള്‍ ശക്തമായി ഉയരുന്നുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം ആരോപിച്ചു. പി.എസ്.സിക്കെതിരെ നൂറോളം പരാതികള്‍ ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഈ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നും സംഘടന പറഞ്ഞു.
ഒരു ഭരണഘടനാ സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും തൃപ്തികരമായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വവുമായ നിയമന പ്രക്രിയയ്‌ക്ക് നേതൃത്വം നല്‍കേണ്ട ഭരണഘടനാ സ്ഥാപനം അടിസ്ഥാന ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ഉദ്യോഗാര്‍ഥികളോടും പ്രത്യേകിച്ച് തൊഴില്‍രഹിതരായ യുവാക്കളോടുമുള്ള അനീതിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പി.എസ്.സിയിലെ അംഗസംഖ്യയും ഭാരതീയ വിചാരകേന്ദ്രം ചോദ്യം ചെയ്തു. ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിലുള്ളതെന്നാണ് അറിയുന്നതെന്നും അംഗങ്ങളുടെ ചുമതലാ വിഭജനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും സംഘടന പറഞ്ഞു. ചെയര്‍മാനും അംഗങ്ങളും പ്രതിമാസം ഏകദേശം നാല് ലക്ഷം രൂപ വീതം വേതനം കൈപ്പറ്റുന്നുവെന്നും ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങളും സംഘടന ചൂണ്ടിക്കാട്ടി.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗ നിയമനം ഭരണ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയിലെ അധികാര വീതംവയ്പിന്റെ ഭാഗമായാണ് നടക്കുന്നതെന്ന ആരോപണവും ഭാരതീയ വിചാരകേന്ദ്രം ഉന്നയിച്ചു. നിലവിലെ സമ്പ്രദായം സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിയൊരുക്കുന്നുവെന്നും സംഘടന ആരോപിച്ചു.
പി.എസ്.സിയിലെ പരീക്ഷാക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധി വിപുലപ്പെടുത്തി കമ്മിഷന്റെ പ്രവര്‍ത്തനം, അംഗ നിയമനം, സാമ്പത്തിക ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണമുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നില്ലെന്നും സംഘടന പറഞ്ഞു. അതിനാല്‍ അന്വേഷണം സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ മേല്‍നോട്ടത്തില്‍ നടത്തേണ്ടത് അനിവാര്യമാണെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
വിഷയത്തില്‍ രാഷ്‌ട്രപതിയുടെയും കേരള ഗവര്‍ണറുടെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ഥിച്ചു.















