ലഖ്‌നൗ: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് സാമ്പത്തിക സഹായം എത്തിക്കാൻ ശ്രമിച്ച 24കാരനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ബിഹാർ പൂർണിയ സ്വദേശി മുഹമ്മദ് സഫറാണ് പിടിയിലായത്.
മദ്രസകൾക്കായി സംഭാവന ശേഖരിക്കുന്നുവെന്ന പേരിൽ പണം പിരിച്ച ശേഷം അത് പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടനയിലേക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് യുപി എടിഎസിന്റെ കണ്ടെത്തൽ.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പ്രസംഗങ്ങളിലും മറ്റ് ജിഹാദി പ്രഭാഷണങ്ങളിലും ആകൃഷ്ടനായിരുന്നു സഫർ. സമൂഹമാധ്യമങ്ങളിലൂടെ ജിഹാദുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ഖിലാഫത്ത് സ്ഥാപിക്കണമെന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തതായി എടിഎസ് വ്യക്തമാക്കി.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ജിഹാദി ശൃംഖലയുമായി ബന്ധമുള്ള നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സഫർ അംഗമായിരുന്നു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പിൽ ചേർന്നതിന് പിന്നാലെ പാകിസ്താനിലെ ഒരു ഹാൻഡ്ലറുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു.
യുപിഐ വഴി പണമിടപാടുകൾ
ബിസിനസ് അക്കൗണ്ടുകളും സംശയാസ്പദ വ്യക്തികളുടെ അക്കൗണ്ടുകളും ഉപയോഗിച്ച് നിരവധി തവണ യുപിഐ വഴി പണം കൈമാറാൻ സഫർ ശ്രമിച്ചതായും എടിഎസ് കണ്ടെത്തി. പണമിടപാടുകളുടെ വിശദാംശങ്ങളും പണം ലഭിച്ചവരുടെയും അയച്ചവരുടെയും വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ചോദ്യംചെയ്യലിനിടെ പ്രതി കുറ്റങ്ങൾ സമ്മതിച്ചതായി എടിഎസ് അറിയിച്ചു.
മുഹമ്മദ് സഫറിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 152(1), 152(2) വകുപ്പുകളും യുഎപിഎയിലെ 18, 38 വകുപ്പുകളും പ്രകാരം കേസെടുത്തു. പാകിസ്താൻ ആസ്ഥാനമായ ശൃംഖലയുമായുള്ള സഫറിന്റെ ബന്ധത്തിന്റെ വ്യാപ്തി, നടത്തിയതായി ആരോപിക്കുന്ന സാമ്പത്തിക ഇടപാടുകൾ, ഇയാളുമായി ബന്ധപ്പെട്ടിരുന്ന മറ്റ് വ്യക്തികൾ എന്നിവയെക്കുറിച്ച് എടിഎസ് അന്വേഷണം തുടരുകയാണ്















