തൃശൂർ: പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ 24 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഫണ്ട് വൈകിപ്പിച്ചതിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടലുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
താൻ സന്തോഷത്തോടെയല്ല പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി, ചെയ്യാത്ത തെറ്റിന്റെ പേരിൽ രാഷ്‌ട്രീയത്തിന്റെ പേരിൽ തനിക്കെതിരെ അധമപ്രവർത്തനം നടത്തിയെന്നും ആരോപിച്ചു. ‘‘ഇത് മോദിയുടെയും അമിത് ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നുള്ള പണമല്ല. ഇന്ത്യയുടെ ഫണ്ടാണ്. കലകൾക്കുവേണ്ടിയാണ് ഈ സഹായം നൽകുന്നത്. രാഷ്‌ട്രീയത്തിന് വേണ്ടിയല്ല’’ എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മന്ത്രിയുടെയോ എംപിയുടെയോ വ്യക്തിപരമായ താൽപര്യമല്ലെന്നും തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തോടുള്ള സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രഫണ്ടിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഫണ്ട് കേന്ദ്ര ടൂറിസം വകുപ്പിലേക്കാണ് എത്തുന്നത്. ഈ മാർഗനിർദേശങ്ങൾ പുലികളി സംഘങ്ങൾ വായിച്ച് മനസ്സിലാക്കേണ്ടതില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കളക്ടർക്കും ഡിടിപിസി അധികൃതർക്കും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മന്ത്രിയായ ശേഷം നടക്കുന്ന രണ്ടാമത്തെ പുലികളിയാണെന്ന് ചൂണ്ടിക്കാട്ടി ടൂറിസം സെക്രട്ടറി ബിജുവിനെ 25 തവണയെങ്കിലും വിളിച്ചിരുന്നു. കേന്ദ്ര ഫണ്ട് സംബന്ധിച്ച കാര്യത്തിൽ ഒരു സാധാരണ ഉദ്യോഗസ്ഥനല്ല, ഒരു വകുപ്പിന്റെ സെക്രട്ടറിക്കാണ് കത്ത് നൽകിയതെന്നും എന്നിട്ടും ഫയൽ നീങ്ങാതിരുന്നതിന് പിന്നിൽ രാഷ്‌ട്രീയം ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പുലികളി സംഘങ്ങൾക്ക് കേന്ദ്രസഹായം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ കത്ത് ആവശ്യമായിരുന്നുവെന്നും എന്നാൽ അതിനായി ആവശ്യമായ നടപടികൾ സമയബന്ധിതമായി ഉണ്ടായില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ചിലർ വിഷയം രാഷ്‌ട്രീയമായി ഉപയോഗിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ പ്രായശ്ചിത്തം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.
5,000 രൂപ സ്പോൺസർഷിപ്പ് സ്വീകരിച്ച് ചെറിയ കച്ചവടക്കാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെ ലോഗോ വയ്‌ക്കാൻ തയ്യാറായില്ലെന്നും സുരേഷ് ഗോപി വിമർശിച്ചു. കേന്ദ്രഫണ്ട് തടയുന്നതിന് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടുപോയ ഒരു മന്ത്രി കുടപിടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.















