കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിർച്ചി മാർപ്പുവിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ പൂർണ ചെലവിൽ ജന്മനാട്ടിലെത്തിക്കും. കളമശേരി മെഡിക്കൽ കോളേജിലെത്തി കുടുംബത്തെ സന്ദർശിച്ച മന്ത്രി റോജി എം. ജോൺ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
മിർച്ചി മാർപ്പുവിനെ കോതമംഗലത്തെ കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മൃതദേഹം ഡൽഹിയിലെത്തിച്ച് . തുടർന്ന് ഇന്ന് വൈകിട്ട് 3.30ന് ഡൽഹിയിൽ നിന്ന് കണക്റ്റിംഗ് വിമാനത്തിൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളത്തിലെത്തിക്കും.
മൃതശരീരം ഏറ്റുവാങ്ങുന്നതിനായി മൊബൈൽ ഫ്രീസർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസ് ഒരുക്കണമെന്നും ഇറ്റാനഗറിൽ നിന്ന് സിറോയിലെ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതിനാവശ്യമായ സഹായങ്ങൾ നൽകണമെന്നും കേരള സർക്കാർ അരുണാചൽ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മിർച്ചി മാർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളേജ് മാനേജ്മെന്റിനെതിരെ സഹപാഠികൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു . ക്രെഡിറ്റ് സ്കോർ സംബന്ധിച്ച നിബന്ധനകളും കോളേജ് അധികൃതരുടെ നിലപാടുകളും വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കിയിരുന്നു.
മറ്റു പല എൻജിനിയറിങ് കോളേജുകളിലും അടുത്ത വർഷത്തേക്ക് പ്രവേശിക്കാൻ ആവശ്യമായ കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, മാർ അത്തനേഷ്യസ് കോളേജിൽ ഇത് 22 ആണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പരാതികൾ നൽകിയിരുന്നുവെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിട്ടും മാനേജ്മെന്റ് നിലപാട് മാറ്റിയില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഏകദേശം ഒന്നര മാസം മുമ്പ് മിർച്ചി മാർപ്പു ഉൾപ്പെടെ 22ഓളം വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് മാറ്റിനിർത്തുകയും അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. അറ്റൻഡൻസ് പട്ടികയിൽ നിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്തതായും സഹപാഠികൾ പറയുന്നു.
അരുണാചൽ പ്രദേശിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഭാഷാപരമായ പരിമിതികൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ മിർച്ചി ഉൾപ്പെടെയുള്ളവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും സഹപാഠികൾ ആരോപിക്കുന്നു.
അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.















