കൊച്ചി: കൊച്ചി മെട്രോയ്‌ക്ക് പുതിയ പേര് നൽകാനുള്ള നീക്കവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ’ എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയതായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.
സംസ്ഥാനത്തുടനീളം നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നിർദേശം. കേരളത്തിന്റെ നഗര ഗതാഗത മേഖലയിൽ കൂടുതൽ വിപുലമായ പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള സംവിധാനമായി കെഎംആർഎല്ലിനെ മാറ്റുകയാണ് ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷവും നടപടികൾ പൂർത്തിയാകാനുണ്ട്. കെഎംആർഎൽ ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും പേരുമാറ്റം ഔദ്യോഗികമായി നടപ്പാക്കുക.
മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ സംവിധാനങ്ങളുടെ പുനഃസംഘടന മാതൃകയാക്കിയാണ് കേരളത്തിലും പേരുമാറ്റത്തിന് നീക്കം നടത്തുന്നത്. നാഗ്പുർ മെട്രോ ‘മഹാരാഷ്‌ട്ര മെട്രോ’ ആയും ലഖ്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ മുഖമുദ്രയായി മാറിയ കൊച്ചി മെട്രോയെ സംസ്ഥാനത്തിന്റെ നഗര ഗതാഗത പദ്ധതികളുമായി കൂടുതൽ വിപുലമായി ബന്ധിപ്പിക്കുകയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, പേരുമാറ്റം നിലവിലെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കെഎംആർഎൽ വ്യക്തമാക്കി. കമ്പനിയുടെ നിലവിലുള്ള കരാറുകൾ, സ്വത്തുക്കൾ, ജീവനക്കാർ എന്നിവയ്‌ക്ക് പേരുമാറ്റം മൂലം യാതൊരു മാറ്റവും ഉണ്ടാകില്ല. ഔദ്യോഗിക രേഖകളിലെ പേരിൽ മാത്രമായിരിക്കും മാറ്റമുണ്ടാകുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നഗര ഗതാഗത പദ്ധതികൾ വ്യാപിപ്പിക്കുന്നതിനുള്ള ആലോചനകൾ സജീവമാകുന്നതിനിടെയാണ് കൊച്ചി മെട്രോയ്‌ക്ക് ‘കേരളം മെട്രോ’ എന്ന പേര് നൽകാനുള്ള ശുപാർശ പുറത്തുവന്നിരിക്കുന്നത്.















