തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്ലിം ലീഗിന്റെയും വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിപ്പിടിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വന്ദേ മാതരം’ സദസ്സ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സദസ്സിൽ പങ്കെടുത്ത മുഴുവൻ പേരും ഒരുമിച്ച് ‘വന്ദേ മാതരം’ ആലപിച്ചു. കേരളത്തിലെ ഭരണസംവിധാനം വർഗീയ ശക്തികളുടെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന സാഹചര്യം ആശങ്കാജനകമാണെന്നും എസ്. സുരേഷ് ആരോപിച്ചു.
കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള രാഷ്‌ട്രീയ ധാരണകളുടെ ഭാഗമായി കേരള ഭരണത്തിൽ വർഗീയ ശക്തികളുടെ സ്വാധീനം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും നവോത്ഥാന മൂല്യങ്ങളെയും തകർക്കാനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്നും എസ്. സുരേഷ് വ്യക്തമാക്കി.
ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പി സ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാമൂഹിക മൂല്യങ്ങളുടെ പാരമ്പര്യമുള്ള നാടാണ് കേരളം. ഈ കേരളത്തെ വർഗീയ ധ്രുവീകരണത്തിലേക്കും സമൂഹവിഭജനത്തിലേക്കും നയിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശീയബോധത്തോടും അഭേദ്യമായി ചേർന്നുനിൽക്കുന്ന ഗാനമാണ് ‘വന്ദേ മാതരം’ എന്ന് എസ്. സുരേഷ് പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ ഈ ഗാനത്തെ ഏതെങ്കിലും മതത്തിന്റെ പേരിൽ എതിർക്കുന്ന പ്രവണതകൾക്കെതിരെ ജനാധിപത്യപരമായ ശക്തമായ പ്രതികരണം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്ലിം ലീഗിന്റെയും വർഗീയ രാഷ്‌ട്രീയത്തിനെതിരെ കേരളത്തിലുടനീളം ബിജെപി ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹിക ഐക്യവും നവോത്ഥാന പാരമ്പര്യവും സംരക്ഷിക്കുന്നതിൽ ബിജെപി മുന്നിലുണ്ടാകുമെന്നും എസ്. സുരേഷ് പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സംസ്ഥാന-ജില്ലാ ഭാരവാഹികൾ, പാർട്ടി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സദസ്സിൽ പങ്കെടുത്തു.















