ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍. സെമിഫൈനലില്‍ ഒന്നാം റാങ്കുകാരായ ചൈനീസ് സഖ്യത്തോട് പൊരുതിത്തോറ്റെങ്കിലും ഗായത്രി ഗോപീചന്ദ്-മലയാളി താരം ട്രീസ ജോളി സഖ്യം ചരിത്ര നേട്ടം സ്വന്തമാക്കി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം കീഴടങ്ങിയത്. സ്‌കോര്‍: 21-18, 13-21, 8-21. ആദ്യ ഗെയിം 21-18ന് സ്വന്തമാക്കി ഇന്ത്യ മികച്ച തുടക്കമിട്ടു. എന്നാല്‍ രണ്ടാം ഗെയിമില്‍ ലിയു ഷെങ്ഷു-ടാന്‍ നിങ് സഖ്യം ശക്തമായി തിരിച്ചെത്തി. 21-13ന് ഗെയിം സ്വന്തമാക്കി ചൈനീസ് താരങ്ങള്‍ മത്സരം സമനിലയിലാക്കി.
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് സഖ്യത്തിന്റെ ആധിപത്യമാണ് കണ്ടത്. 21-8ന് ഗെയിം സ്വന്തമാക്കി ലിയു ഷെങ്ഷു-ടാന്‍ നിങ് സഖ്യം ഫൈനലിലേക്ക് മുന്നേറി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികള്‍. 2011ന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പിലെ വനിതാ ഡബിള്‍സില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. 2011ല്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങളുടെ പട്ടികയിലും ട്രീസ ജോളി ഇടംപിടിച്ചു. 2023ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ വെങ്കലം നേടിയ എച്ച്.എസ്. പ്രണോയിക്ക് പിന്നാലെയാണ് ട്രീസയുടെ നേട്ടം.