ന്യൂഡല്‍ഹി: യുവാക്കളെയും പ്രത്യേകിച്ച് ജെന്‍ സി വിഭാഗത്തെയും നേരിട്ട് സമീപിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ബിജെപി തീരുമാനം. ശനിയാഴ്ച ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. നിതിന്‍ നബീന്‍, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഹര്‍ഷ് സംഘവി, ഒ.പി. ചൗധരി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് സംഘത്തിലുണ്ടാകുകയെന്നാണ് വിവരം.
യുവാക്കള്‍ക്കായി പ്രത്യേക ഔട്ട്‌റീച്ച് പരിപാടികള്‍ സംഘടിപ്പിക്കുകയും അവരുടെ പ്രതീക്ഷകളും ആശങ്കകളും നേരിട്ട് മനസ്സിലാക്കുകയുമാണ് ലക്ഷ്യം. ബിജെപിയുടെ നയങ്ങളുമായും ആശയങ്ങളുമായും യുവാക്കളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും സംഘം പ്രവര്‍ത്തിക്കും. യോഗത്തില്‍ ‘വന്ദേമാതരം’ ആദരിക്കുകയും അതിന്റെ പൈതൃകം സംരക്ഷിക്കുകയും ചെയ്യണമെന്ന പ്രമേയവും ബിജെപി പാസാക്കി. പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെയും ബിജെപി പ്രമേയത്തില്‍ വിമര്‍ശിച്ചു.
വന്ദേമാതരം ഭാരതമാതാവിനോടുള്ള ആദരവിന്റെ പ്രകടനവും സ്വാതന്ത്ര്യസമരത്തിന്റെ മന്ത്രവും ഇന്ത്യയുടെ ദേശീയ ബോധത്തിന്റെ പ്രതീകവുമാണെന്ന് ബിജെപി വ്യക്തമാക്കി. അതിന്റെ പൈതൃകം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പാര്‍ട്ടി പറഞ്ഞു. വന്ദേമാതരത്തിന്റെ ചരിത്രവും പൈതൃകവും യുവാക്കളില്‍ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു.