ലിസ്ബണ്‍: മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്ട്രോയ്ക്ക് (25) ദാരുണാന്ത്യം. ശനിയാഴ്ച പോര്‍ച്ചുഗലില്‍ നടന്ന പ്രീ-സീസണ്‍ സൗഹൃദ മത്സരത്തിനിടെയാണ് റയല്‍ സ്‌പോര്‍ട് താരമായ കെവിന്‍ കുഴഞ്ഞുവീണത്. ടോപ് ഡിവിഷന്‍ ക്ലബ്ബായ എസ്‌ട്രെല ദ അമദോറയും മൂന്നാം ഡിവിഷന്‍ ടീമായ റയല്‍ സ്‌പോര്‍ടും തമ്മിലായിരുന്നു മത്സരം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കെവിന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തി അടിയന്തര ചികിത്സ നല്‍കി. ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ചും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
താരത്തിന്റെ മരണവിവരം ലിസ്ബണ്‍ ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചു. സംഭവത്തില്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം, മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. പോര്‍ച്ചുഗലില്‍ ജനിച്ച കെവിന്‍ കാസ്‌ട്രോ ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലാണ് വളര്‍ന്നത്. സ്‌പോര്‍ട്ടിങ് അക്കാദമിയിലൂടെയാണ് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്.
2021ല്‍ ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയണിലെത്തി. ആഴ്‌സണലിനെതിരായ കാരബാവോ കപ്പ് മത്സരത്തിലൂടെയായിരുന്നു സീനിയര്‍ ടീമിലെ അരങ്ങേറ്റം. തുടര്‍ന്ന് ബെല്‍ട്ടണ്‍ ആല്‍ബിയണ്‍, ഗേറ്റ്‌സ്‌ഹെഡ്, നോട്ട്‌സ് കൗണ്ടി തുടങ്ങിയ ക്ലബ്ബുകളില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ചു. 2023ല്‍ വെസ്റ്റ് ബ്രോം വിട്ട താരം യോര്‍ക്ക് സിറ്റി, ചിപ്പന്‍ഹാം ടൗണ്‍, ഈസ്റ്റ്‌ബോണ്‍ ബറോ തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കായും കളിച്ചു. അടുത്തിടെയാണ് പോര്‍ച്ചുഗലിലേക്ക് മടങ്ങിയെത്തി റയല്‍ സ്‌പോര്‍ടില്‍ ചേര്‍ന്നത്.
കെവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയണ്‍ അനുശോചനം രേഖപ്പെടുത്തി. താരത്തിന്റെ മരണം തങ്ങളെ ഞെട്ടിച്ചെന്നും സ്തബ്ധരാക്കിയെന്നും ക്ലബ് പ്രതികരിച്ചു. ബേണ്‍ലിക്കെതിരായ അടുത്ത മത്സരത്തില്‍ 25-ാം മിനിറ്റില്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ച് കെവിന് ആദരമര്‍പ്പിക്കുമെന്നും ക്ലബ് അറിയിച്ചു.















