ധാക്ക: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 23ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) പ്രതിനിധി സംഘം ധാക്കയിലെത്തിയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ബ്രസീൽ-ഇന്ത്യ സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം സന്ദർശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് CBF സംഘം ധാക്കയിലെത്തിയത്.
CBF പുരുഷ ദേശീയ ടീമുകളുടെ ജനറൽ സൂപ്പർവൈസർ സെർജിയോ ഡിമാസ് ഡി ഒലിവെയ്‌റയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ധാക്കയിലെത്തിയത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ തലസ്ഥാനത്തെത്തിയ സംഘം ദേശീയ സ്റ്റേഡിയത്തിൽ ഏകദേശം 45 മിനിറ്റോളം ചെലവഴിച്ചു. പുതിയതായി ഒരുക്കിയ പിച്ച്, ഡ്രസിങ് റൂമുകൾ, ഗാലറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘം പരിശോധിച്ചു.
ബ്രസീലിന്റെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ ആറിന് ബംഗ്ലാദേശിനെതിരെ മത്സരം നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മത്സരം യാഥാർഥ്യമായാൽ ബ്രസീൽ ആദ്യമായിട്ടായിരിക്കും ബംഗ്ലാദേശിൽ കളിക്കാനെത്തുന്നത്.
എന്നാൽ ബ്രസീൽ-ബംഗ്ലാദേശ് മത്സരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇക്ബാൽ ഹൊസൈൻ വ്യക്തമാക്കി. ഭാവിയിൽ ബംഗ്ലാദേശിനെതിരെ കളിക്കാനോ ദേശീയ സ്റ്റേഡിയം ന്യൂട്രൽ വേദിയായി ഉപയോഗിക്കാനോ സാധ്യതയുണ്ടെന്നാണ് CBF പ്രതിനിധികൾ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ഒരുക്കങ്ങൾ ഇനിയും രണ്ടാഴ്ചയോളം നീളുമെന്നും ആവശ്യമെങ്കിൽ CBF സംഘം വീണ്ടും പരിശോധനയ്‌ക്കെത്തുമെന്നും ഇക്ബാൽ ഹൊസൈൻ വ്യക്തമാക്കി. തുടർന്ന് സംഘം ബസുന്ധര കിംഗ്സിന്റെ പരിശീലന സൗകര്യങ്ങളും സന്ദർശിച്ചു.
ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയവും CBF സംഘം നേരത്തെ പരിശോധിച്ചിരുന്നു. സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ ബ്രസീൽ പ്രതിനിധികൾ തൃപ്തി പ്രകടിപ്പിച്ചെങ്കിലും പിച്ചിലെ പുല്ലിന്റെ നീളം വർധിപ്പിക്കുന്നത് താരങ്ങളുടെ പരിക്ക് ഒഴിവാക്കാൻ സഹായിക്കുമെന്ന് നിർദേശിച്ചിരുന്നു.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം ഒക്ടോബർ മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഏഷ്യൻ പര്യടനത്തിലെ മറ്റ് മത്സരങ്ങൾ സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്.















