ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാന സര്‍വീസുകളും റോഡ് ഗതാഗതവും താളം തെറ്റി. ഡല്‍ഹി വിമാനത്താവളത്തില്‍ ഏകദേശം 400 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. 26 വിമാനങ്ങള്‍ റദ്ദാക്കി. മൂന്ന് അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 15 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന 15 വിമാനങ്ങളില്‍ 12 എണ്ണം ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. ജയ്പൂരിലേക്ക് തിരിച്ചുവിട്ട വിമാനങ്ങളില്‍ മൂന്ന് അന്താരാഷ്‌ട്ര സര്‍വീസുകളുമുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഗുരുഗ്രാമില്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സൗത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ഷഹ്ദര, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ന്യൂഡല്‍ഹി, സൗത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു.
തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് റെഡ് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ മിതമായ മഴയ്‌ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. മോശം കാലാവസ്ഥ തുടരുന്നതിനാല്‍ സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വ്യതിയാനം കണക്റ്റിങ് വിമാനങ്ങളെയും ബാധിച്ചേക്കാമെന്നും യാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനികള്‍ നിര്‍ദേശിച്ചു.
ഡല്‍ഹിയിലെ മോശം കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.















