ഹൈദരാബാദ്: ഫുട്‌ബോള്‍ ലോകത്ത് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി അല്‍ റിയാദിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് തുടര്‍ച്ചയായ 25 ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി റൊണാള്‍ഡോ മാറിയത്.
മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് 41കാരനായ റൊണാള്‍ഡോ പകരക്കാരനായി കളത്തിലെത്തിയത്. 83-ാം മിനിറ്റില്‍ അയ്മന്‍ യഹ്യ നല്‍കിയ ലോ ക്രോസ് ഇടതുകാലുകൊണ്ട് വലയിലെത്തിച്ചാണ് താരം ചരിത്രനേട്ടം കുറിച്ചത്. ഇതോടെ അല്‍ നസര്‍ 4-0ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
2002-03 സീസണില്‍ സ്പോര്‍ട്ടിങ് സിപിക്കായി കളിച്ചുതുടങ്ങിയ കാലം മുതല്‍ റൊണാള്‍ഡോയുടെ ഗോള്‍ വേട്ട തുടരുകയാണ്. ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ലീഗുകളിലും പോര്‍ച്ചുഗീസ് ക്ലബിനൊപ്പവും ഗോള്‍ കണ്ടെത്തിയ താരം 25 തുടര്‍ച്ചയായ ലീഗ് സീസണുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഫുട്‌ബോള്‍ താരമായി. മുന്‍ സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ 24 തുടര്‍ച്ചയായ സീസണുകളിലെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.
അല്‍ നസറിനായി അബ്ദുലെല അല്‍-അംരി, ആഞ്ചലോ ഗബ്രിയേല്‍, ജാവോ ഫെലിക്സ് എന്നിവരും ഗോളുകള്‍ നേടി. കരിയറില്‍ 1000 ഗോളെന്ന ചരിത്രനേട്ടത്തിനും റൊണാള്‍ഡോ ഇപ്പോള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുകയാണ്. ആയിരം ഗോള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 23 ഗോളുകള്‍ മാത്രമാണ് താരത്തിന് വേണ്ടത്. തുടര്‍ച്ചയായ 25 സീസണുകളിലും ഗോള്‍ കണ്ടെത്തിയ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്, നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും താരത്തിന്റെ അസാധാരണമായ ഗോള്‍ സ്‌കോറിങ് മികവിനും സ്ഥിരതയ്‌ക്കുമുള്ള മറ്റൊരു തെളിവായി.















