ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. അനധികൃത കുടിയേറ്റക്കാരെ കൃത്യമായി തിരിച്ചറിയുകയും അവരുടെ രേഖകള്‍ പരിശോധിക്കുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയും വേണമെന്ന് അമിത് ഷാ വ്യക്തമാക്കി.
ഇതിനായി സംസ്ഥാന പൊലീസും കേന്ദ്ര അന്വേഷണ, സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ ഒമ്പതാമത് ദ്വിദിന ദേശീയ സുരക്ഷാ തന്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര ഏജന്‍സികളുടെ മേധാവികളും ഉള്‍പ്പെടെ 850ഓളം ഉദ്യോഗസ്ഥരാണ് ഹൈബ്രിഡ് സംവിധാനത്തിലൂടെ സമ്മേളനത്തില്‍ പങ്കെടുത്തത്. സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തില്‍ വിലയിരുത്തി.