ന്യൂഡല്ഹി: രാജ്യത്തെ ഐടിഐകളുടെ അടിസ്ഥാന സൗകര്യങ്ങളും തൊഴില് പരിശീലന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്ക്ക് കേന്ദ്ര സര്ക്കാര് അംഗീകാരം നല്കി. മഹാരാഷ്ട്ര, ഒഡിഷ, ജമ്മു കശ്മീര് എന്നിവിടങ്ങളിലെ അഞ്ച് ഐടിഐ ക്ലസ്റ്ററുകള്ക്കായുള്ള പദ്ധതികള്ക്കാണ് പ്രധാനമന്ത്രി നൈപുണ്യവല്ക്കരണ-തൊഴില്ക്ഷമതാ പരിവര്ത്തന പദ്ധതി ദേശീയ സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്കിയത്. ആറാമത് ദേശീയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ പ്രധാനമന്ത്രി നൈപുണ്യവല്ക്കരണ-തൊഴില്ക്ഷമതാ പരിവര്ത്തന പദ്ധതിക്കു കീഴില് ഇതുവരെ അംഗീകരിച്ച ആകെ നിക്ഷേപം 3,687 കോടി രൂപയിലധികമായി.
ഐടിഐകളെ ശക്തിപ്പെടുത്താനും പരിശീലന നിലവാരം ഉയര്ത്താനും വ്യവസായ മേഖലയുടെ പങ്കാളിത്തം വര്ധിപ്പിക്കാനും പുതിയ അംഗീകാരങ്ങള് സഹായിക്കുമെന്ന് കേന്ദ്ര നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം സെക്രട്ടറി ദേബശ്രീ മുഖര്ജി പറഞ്ഞു. ജമ്മു കശ്മീരില് പദ്ധതിയുടെ ഭാഗമായി കൈവരിച്ച പുരോഗതി പ്രോത്സാഹനകരമാണെന്നും മേഖലയില് നൈപുണ്യ വികസനം ശക്തിപ്പെടുത്താനും യുവാക്കള്ക്ക് കൂടുതല് അവസരങ്ങള് ഒരുക്കാനുമുള്ള പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവര് വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി യുവാക്കള്ക്ക് മികച്ച തൊഴില് അവസരങ്ങളിലേക്ക് നയിക്കുന്ന നൈപുണ്യങ്ങള് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദേബശ്രീ മുഖര്ജി പറഞ്ഞു. വ്യവസായ മേഖലയുടെ ആവശ്യങ്ങള്ക്കനുസരിച്ചുള്ള പരിശീലനം ഉറപ്പാക്കുന്നതിലൂടെ ഐടിഐകളില്നിന്ന് പഠിച്ചിറങ്ങുന്നവര്ക്ക് തൊഴില് വിപണിയില് കൂടുതല് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. തൊഴില്പരിശീലന സംവിധാനത്തെ നവീകരിക്കുകയും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം വര്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ യുവാക്കളുടെ തൊഴില്ക്ഷമത ഉയര്ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.















