ന്യൂഡൽഹി: റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്താനിരുന്ന ഉപരോധങ്ങളിലും തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഉൾപ്പെടെ ആശ്വാസം നൽകുന്നതാണ് തീരുമാനം. ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം.
ട്രംപ് കഴിഞ്ഞ മാസം ഒപ്പുവെച്ച നിയമപ്രകാരം പുതിയ ഉപരോധങ്ങളും തീരുവകളും അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇളവ് അനുവദിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കി. ലിൻഡ്സി ഗ്രഹാം ആക്ട് പ്രകാരമുള്ള ഉപരോധങ്ങൾ, നിയന്ത്രണങ്ങൾ, തീരുവകൾ എന്നിവയുടെ പ്രയോഗമാണ് താൽക്കാലികമായി ഒഴിവാക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് വ്യക്തമാക്കി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ ട്രംപ് നേരത്തെ വിമർശിക്കുകയും ഇന്ത്യ അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം റഷ്യയിൽനിന്ന് വൻതോതിൽ ഡീസൽ വാങ്ങുന്നതിനുള്ള അമേരിക്കയുടെ നീക്കവും വലിയ ചർച്ചയായിരുന്നു. യുഎസിന്റെയും ട്രംപിന്റെയും ഇരട്ടത്താപ്പും ആഗോള തലത്തിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.ട്രംപിന്റെ നീക്കത്തിനെതിരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വിമർശനവുമായി രംഗത്തെത്തിയിരുന്നു. റഷ്യയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് യുദ്ധത്തിന് നിക്ഷേപം നടത്തുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.















